കാഞ്ഞങ്ങാട്: നഗരസഭ കൗൺസിൽ ആദ്യ യോഗം അജണ്ടയിലെ തെറ്റുകളിൽ കുരുങ്ങി. കൗൺസിലർമാർക്ക് കിട്ടിയ അജണ്ടയിൽ ഓരോന്നിലും അക്ഷരങ്ങളും അക്കങ്ങളും കൂടുകയും കുറയുകയുമൊക്കെയായിരുന്നു. കൗൺസിലർമാർ തെറ്റുകൾ ചൂണ്ടിക്കാട്ടാൻ തുടങ്ങിയതോടെ ചെറിയ തോതിലുള്ള വാഗ്വാദവുമായി. 20 ലക്ഷം വേണ്ടിടത്ത് 10 ലക്ഷമെന്നും 8 ലക്ഷം വേണ്ടിടത്ത് 6.40ലക്ഷമായിരുന്നു.
വിശപ്പുരഹിത പദ്ധതിക്കനുവദിച്ച തുകയാണ് 20 ലക്ഷമെന്നു വേണ്ടിടത്ത് 10 ലക്ഷമായത്. മത്സ്യമേഖലയിലെ പദ്ധതികളിലേക്ക് നീക്കിവച്ച 8 ലക്ഷമാണ് 6.40ലക്ഷമായത്. അജണ്ടയുമായി ബന്ധപ്പെട്ട കുറിപ്പുകളും ഇല്ലായിരുന്നു. കൗൺസിലർമാർ ഏറെയും പുതുമുഖങ്ങളായതിനാൽ ഇത്തരം കുറവുകൾ അവർക്ക് ഉൾക്കൊള്ളാനാവുകയില്ലെന്ന് മുസ്ലീം ലീഗിലെ കെ.കെ ജാഫറും ടി.കെ സുമയ്യയും ചൂണ്ടിക്കാട്ടി.
കുറിപ്പുകൾക്ക് പകരം ബന്ധപ്പെട്ട ഇംപ്ലിമെന്റ് ഓഫീസർമാർ തന്നെ ഹാജരായി വിശദീകരണം നൽകി. വി.വി രമേശൻ, കെ. ലത, പി.വി മോഹനൻ ചർച്ചയിൽ പങ്കെടുത്തു. ചെയർപേഴ്‌സൺ കെ.വി സുജാത അദ്ധ്യക്ഷയായി.