കാസർകോട്: സായി ട്രസ്റ്റ് നിർമ്മിച്ചു നൽകിയ വീടുകൾ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ലഭിക്കുന്നതിനായി നേരത്തെ ഇവർക്ക് അനുവദിച്ച ഭൂമിയുടെ പട്ടയം റദ്ദാക്കാൻ നീക്കം. സർക്കാർ അനുവദിച്ച ഭൂമിയിലല്ല വീടുകൾ നിർമ്മിച്ചതെന്നതാണ് സംഭവം വിവാദമാകാൻ കാരണം. സാങ്കേതിക പ്രശ്നത്തിൽ കുടുങ്ങി സഹായം ഇല്ലാതാകുന്ന സ്ഥിതിയിലാണ് പട്ടയം റദ്ദാക്കി തിരുത്തലുകൾ വരുത്താൻ റവന്യൂ അധികൃതർ ഒരുങ്ങുന്നത്.
2015 ൽ പുല്ലൂർ വില്ലേജിലെ 492/ 1 സർവ്വേ നമ്പറിൽ എൻഡോസൾഫാൻ ദുരിതബാധിതരായ 30 പേർക്ക് പത്ത് സെന്റ് വീതം ഭൂമിയ്ക്കാണ് പട്ടയം അനുവദിച്ചിരുന്നത്. ഇപ്രകാരം പട്ടയം അനുവദിച്ച ഭൂമിയിൽ സ്പോൺസർഷിപ്പ് വഴി വീടുകൾ നിർമ്മിച്ച് നൽകുമെന്ന ട്രസ്റ്റിന്റെ ഉറപ്പിലായിരുന്നു പട്ടയം നൽകിയത്. എന്നാൽ റവന്യു വകുപ്പ് നടത്തിയ പുനഃപരിശോധനയിൽ ചുമതല ഏറ്റെടുത്ത ട്രസ്റ്റ് ദുരിതബാധിതർക്ക് അനുവദിച്ച പട്ടയഭൂമിക്ക് പുറത്താണ് വീടുകൾ നിർമ്മിച്ചത്.
നിലവിൽ വീട് നിർമ്മിക്കപ്പെട്ട സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് വീട്ടുനമ്പരും കുടിവെള്ളവും വൈദ്യുതിയും ഉൾപ്പടെ അനുവദിക്കണമെങ്കിൽ അവരുടെ പേരിൽ ഭൂമി പതിച്ചു നൽകേണ്ടതുണ്ട്. ഒരിക്കൽ ഭൂമിപതിച്ച് നൽകിയാൽ അവർക്ക് വീണ്ടും ഭൂമിപതിച്ചു നൽകാൻ നിയമപ്രകാരം കഴിയില്ല. ഇപ്രകാരം അനുവദിച്ച പട്ടയങ്ങൾ റദ്ദ് ചെയ്ത ശേഷം പുതുതായി നിർമിച്ച വീടുകൾ ഉൾപ്പെടുന്ന സ്ഥലത്തിന് പട്ടയം നൽകുന്ന നടപടി ആരംഭിച്ചിരിക്കുകയാണ് .
കാസർകോട് ജില്ലാ കളക്ടർ ഡി. സജിത്ബാബു
ഉപരോധം; പിറകെ വിശദീകരണം
സായി ട്രസ്റ്റ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് നൽകിയ ഭൂമിയുടെ പട്ടയം റദ്ദാക്കുന്നതായി ആരോപിച്ച് കഴിഞ്ഞദിവസം പുല്ലൂർ വില്ലേജ് ഓഫീസറെ യൂത്ത് കോൺഗ്രസ് ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ കളക്ടറുടെ വിശദീകരണം. എൻഡോസൾഫാൻ ദുരിത ബാധിതരിൽ നടത്തിയ പരിശോധനയിൽ സ്ഥലമോ വീടോ ഇല്ലാത്തവരായി കണ്ടെത്തിയ 1153 അപേക്ഷകരിൽ അർഹരായ 42 കുടുംബങ്ങൾക്ക് 2020 ജൂൺ 10 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നറുക്കെടുപ്പ് നടത്തി ഭൂമി അനുവദിച്ചിരുന്നു. ഇതിൽ പുല്ലൂർ വില്ലേജിലെ 9 കുടുംബങ്ങളും പെടും. എന്നാൽ ഇവിടെ ഏഴു കുടുംബങ്ങൾ മാത്രമാണ് വീട് ഏറ്റെടുക്കാൻ തയ്യാറായത്. 2020 ജൂലായ് 3 ന് ചേർന്ന എൻഡോസൾഫാൻ സ്പെഷ്യൽ സെൽ യോഗം ഇത് അംഗീകരിച്ചിരുന്നു. ഈ ലിസ്റ്റിൽ ഉൾപ്പെടാത്ത വ്യക്തികൾക്ക് അതിനാൽ തന്നെ ഈ പദ്ധതിയിൽ ഭൂമിയോ വീടോ നൽകാൻ നിയമപ്രകാരം കഴിയുകയില്ലെന്നും കളക്ടറുടെ വിശദീകരണത്തിൽ പറയുന്നു.