തളിപ്പറമ്പ്: പൂമംഗലം കൊടിലേരിപ്പാലം യാഥാർത്ഥ്യത്തിലേയ്ക്ക്. മലയോര മേഖലയിലെ ജനങ്ങൾക്ക് എയർപോർട്ട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനുള്ള സൗകര്യമായ കൊടിലേരിപ്പാലം ആണ് യാഥാർത്ഥ്യമാകുന്നത്. കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ കരിമ്പം പുഴക്ക് കുറുകെ പൂമംഗലം കൊടിലേരിയിൽ പാലം പണിയുന്നതിന് കഴിഞ്ഞ ബഡ്ജറ്റിലാണ് 20 ശതമാനം തുക അനുവദിച്ച് 4 കോടി രൂപ വകയിരുത്തിയത്.

പിന്നീട് ഫ്ലഡ്ഡ് ലെവൽ ഉയർന്നതിനാൽ പാലത്തിന്റെ ഡിസൈൻ പുതുക്കേണ്ടി വന്നു. അതിന് ശേഷമാണ് ഭരണാനുമതിയായത്. ഇനി അവശേഷിക്കുന്നത് സാങ്കേതികാനുമതിയും ടെണ്ടറും മാത്രം. ടെണ്ടർ നടപടി അതിവേഗം നടപ്പിലാക്കുമെന്ന് പി.ഡബ്‌ള്യു.ഡി ബ്രിഡ്ജസ് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. കുറുമാത്തൂർ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമായ ചൊറുക്കളയിലേക്ക് പൂമംഗലം പന്നിയൂർ പ്രദേശത്തുകാർ എത്തിച്ചേരുന്നതിന് ഇപ്പോൾ ആശ്രയിക്കുന്നത് ഇടിസി വഴിയുള്ള റോഡിനെയാണ്. അതിനും കൊടിലേരിപ്പാലം വരുന്നതിലൂടെ ഒരു പരിഹാരമാവുകയാണ്.