house
നിർദ്ധന വിദ്യാർത്ഥിക്കായി ഒരുങ്ങിയ വീട്

തൃക്കരിപ്പൂർ: സുമനസുകളായ അദ്ധ്യാപകരും സഹപാഠികളും കൈകോർത്തപ്പോൾ, അടച്ചുറപ്പില്ലാത്ത കുടിലിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിക്ക് ലഭിച്ചത് കോൺക്രീറ്റ് വീട്. കൈക്കോട്ടുകടവ് ഹയർ സെക്കൻഡറി സ്കൂളിലെ മാടക്കാൽ സ്വദേശിയായ ഒമ്പതാം ക്ലാസുകാരിയുടെ കുടുംബമാണ് പരാധീനതയുടെ നടുവിൽ നിത്യവൃത്തിക്കു വകയില്ലാതെ കഴിഞ്ഞിരുന്നത്.

കുട്ടികളും വീടും വിദ്യാലയവും തമ്മിൽ മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഓരോ കുട്ടിയുടെയും വീടു സന്ദർശനത്തിനിടെയാണ് സ്കൂളധികൃതരുടെയും അദ്ധ്യാപകരുടെയും മനസ്സിൽ തങ്ങളുടെ കുട്ടിയുടെ കുടിൽ നൊമ്പരമായത്. മത്സ്യത്തൊഴിലാളിയായ പിതാവും നാമമാത്രമായി ലഭിക്കുന്ന തൊഴിലുറപ്പു പണിയും കുടുംബത്തിന്റെ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സാക്ഷാത്കരിക്കത്തക്കതായിരുന്നില്ല.

സ്കൂൾ അധികൃതർ മുന്നിട്ടിറങ്ങിയതോടെ നിർദ്ധന കുടുബത്തിന് വീടൊരുക്കാൻ ഉദാരമനസ്കരുടെ സഹായവും ലഭ്യമായി. സാമ്പത്തികമായി അവശതയനുഭവിക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി സ്കൂൾ അധികൃതർ തയ്യാറാക്കിയ പദ്ധതിയിലാണ് വീട് നിർമ്മാണം പൂർത്തിയായത്. 8 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം 25 ന് രാവിലെ 10 ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. നിർവ്വഹിക്കും.