കാസർകോട്: കാസർകോട്, കണ്ണൂർ ജില്ലകളിൽ കസ്റ്റംസ് സംഘം നടത്തിയ രഹസ്യ ഓപ്പറേഷനിൽ രണ്ട് കോടിയുടെ സ്വർണ കള്ളക്കടത്ത് പിടികൂടി. കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു നാല് കിലോ തൂക്കം വരുന്ന സ്വർണക്കട്ടികൾ ആണ് പിടികൂടിയത്. സ്വർണ്ണം കടത്തുകയായിരുന്ന കർണ്ണാടക ബൽഗാം സകലേഷപുരം സ്വദേശികളായ ജ്യോതിറാം മനെ (23), തുഷാർ ജാദവ് (27) എന്നിവരെ അറസ്റ്റ് ചെയ്തു.
കള്ളക്കടത്തായി കൊണ്ടുവന്ന സ്വർണ്ണം തൃശൂർ ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിലെ സ്ഥലങ്ങളിൽ സൂക്ഷിച്ച ശേഷം പ്രതികൾ രഹസ്യമായി കർണ്ണാടകത്തിലേക്ക് കടത്തുകയായിരുന്നുവെന്ന് കണ്ണൂർ കസ്റ്റംസ് അസി. കമ്മിഷണർ ഇ. വികാസ്, കാസർകോട് കസ്റ്റംസ് സൂപ്രണ്ട് പി.പി രാജീവ്, കണ്ണൂർ കസ്റ്റംസ് സൂപ്രണ്ട് ടി.കെ ഹരിദാസൻ എന്നിവർ 'കേരള കൗമുദി ഫ്ലാഷി'നോട് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ 11.30 മണിയോടെ കാഞ്ഞങ്ങാട്-ചന്ദ്രഗിരി റോഡിൽ ബേക്കൽ പള്ളിക്കരയിലുള്ള ടോൾ ബൂത്തിൽ വച്ചാണ് സ്വർണ്ണം കടത്തുന്ന കാറുമായി യുവാക്കളെ കസ്റ്റംസ് സംഘം വളഞ്ഞു പിടിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി സ്വർണക്കടത്ത് സംഘത്തെ പിടികൂടാൻ വലവിരിച്ചു കാത്തുനിൽക്കുകയായിരുന്നു കസ്റ്റംസ് സംഘം.
മാരുതി ക്രെറ്റ കാറിന്റെ സീറ്റിനടിയിൽ രഹസ്യ അറകൾ ഉണ്ടാക്കിയാണ് പ്രതികൾ സ്വർണം കടത്തിയത്. കർണ്ണാടകയിലെ സുരക്ഷിത കേന്ദ്രത്തിൽ എത്തിച്ചശേഷം ആഭരണങ്ങൾ പണിത് വിൽപ്പന നടത്താനാണ് സംഘത്തിന്റെ നീക്കം. നാലു കിലോ തൂക്കം വരുന്ന സ്വർണ്ണത്തിന് ഏകദേശം രണ്ടു കോടിയോളം രൂപ വിലമതിക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. ജുവലറികളിൽ സ്വർണ്ണം എത്തിക്കുന്ന സംഘമല്ല പിടിയിലായതെന്ന് കസ്റ്റംസ് ഉറപ്പിച്ചിട്ടുണ്ട്.
കള്ളക്കടത്ത് സ്വർണ്ണം തന്നെയാണ് പിടിച്ചെടുത്തത്. കാസർകോട് കസ്റ്റംസ് സൂപ്രണ്ട് ഓഫീസിൽ എത്തിച്ച പ്രതികളെ കൂടുതൽ വിവരങ്ങൾക്കായി വിശദമായി ചോദ്യം ചെയ്തു മൊഴിയെടുത്തു. രാത്രി വൈകിയാണ് അറസ്റ്റ് ചെയ്തത്. കസ്റ്റംസ് ഇൻസ്പെക്ടർ കപിൽ ഗാർഗ്, ഹവിൽദാർമാരായ ആനന്ദ്, ചന്ദ്രൻ, തോമസ് സേവ്യർ, ബാലൻ കുനിയിൽ, വിശ്വനാഥൻ, സജിത് കുമാർ എന്നിവരും സ്വർണ്ണം പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പള്ളിക്കര ടോൾബൂത്തിലെ അടുത്ത് കേന്ദ്രീകരിച്ച് 2020 ഫെബ്രുവരിയിൽ നടത്തിയ മറ്റൊരു ഓപ്പറേഷനിൽ 6.20 കോടിയുടെ സ്വർണ്ണം കസ്റ്റംസ് സംഘം പിടികൂടിയിരുന്നു. സമാന ഓപ്പറേഷൻ തന്നെയാണ് കഴിഞ്ഞ ദിവസം രണ്ടു ജില്ലയിലെ കസ്റ്റംസ് സംഘങ്ങൾ നടത്തിയത്.