election

തില്ലങ്കേരി: കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ തിരഞ്ഞെടുപ്പിൽ 68 ശതമാനം പോളിംഗ്. അന്തിമകണക്കിൽ ശതമാനം അല്പം കൂടി വർദ്ധിക്കുമെന്നാണ് സൂചന. ഫലപ്രഖ്യാപനം ഇന്ന് രാവിലെ നടക്കും. പോസ്റ്റൽ വോട്ടുകൾ കളക്ടറേറ്റിലും വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ ഇരിട്ടി ബ്ളോക്ക് ഓഫീസിലുമാണ് എണ്ണുന്നത്.

വോട്ടെടുപ്പിനിടെ എവിടെയും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഡിവൈ.എസ്.പി സജേഷ് വാഴവളപ്പിലിന്റെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് പോളിംഗ് കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരുന്നത്. ഹൈക്കോടതി നിർദ്ദേശമുള്ളതിനാലാണ് സുരക്ഷ കർശനമാക്കിയത്.ഡിവിഷനിലെ ചതിരൂർ അങ്കണവാടി , പരിപ്പു തോട് നവജീവൻ മാതൃകാ ഗ്രാമം, ആറളം ഫാം ഹയർ സെക്കൻഡറി സ്‌കൂൾ, പാലക്കുന്ന് അങ്കണവാടി, എടപ്പുഴ സെന്റ് ജോസഫ്‌സ് എൽ.പി. സ്‌കൂൾ എന്നിവിടങ്ങളിലായുള്ള 6 ബൂത്തുകളിൽ മാവോയിസ്റ്റ് ഭീഷണി ഉള്ളതിനാൽ എ.എൻ.എഫ് കമാൻഡോകളെയും വിന്യസിച്ചിരുന്നു.

യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ജോർജുകുട്ടി ഇരുമ്പുകുഴിയുടെ മരണത്തെ തുടർന്നാണ് നേരത്തെ ഇവിടെ തിരഞ്ഞെടുപ്പ് മാറ്റിവച്ചത്. സിറ്റിംഗ് സീറ്റ് നിലനിർത്താൻ കേരള കോൺഗ്രസ് വിദ്യാർത്ഥിവിഭാഗം പ്രവർത്തകയും 21കാരിയുമായ ലിൻ‌ഡ ജെയിംസിനെയാണ് യു.ഡി.എഫ് ഇറക്കിയത്. സി.പി.എം മുൻ ഇരിട്ടി ഏരിയാസെക്രട്ടറി ബിനോയ് കുര്യനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.