ഇരിട്ടി: തില്ലങ്കേരി ജില്ലാ പഞ്ചായത്ത് ഡിവിഷൻ ഇന്നലെ നടന്ന വോട്ടെടുപ്പിനിടെ യു.ഡി.എഫ് സ്ഥാനാർത്ഥി ലിൻഡ ജെയിംസിനെ മുഴക്കുന്ന് പഞ്ചായത്തിലെ കടുക്കാപ്പാലം വാർഡിലെ മുടക്കോഴി പോളിംഗ് ബൂത്തിൽ നിന്നും ബലമായി ഇറക്കി വിട്ടതായി പരാതി. ബൂത്തിൽ സ്ഥാനാർത്ഥിയുടെ ചീഫ് ഏജന്റും സ്ഥാനാർത്ഥിയും ഇരുന്നതോടെയാണ് എൽ.ഡി.എഫ് പ്രതിഷേധവുമായി എത്തിയത്. രണ്ട് പേർ ഇരിക്കാൻ പാടില്ലെന്ന് ഇവർ അറിയിച്ചു. ഇത് ഏറെ നേരം ബഹളത്തിനിടയാക്കി. പ്രിസൈഡിംഗ് ഓഫീസർ ജില്ലാ വരണാധികാരിയുമായി ബന്ധപ്പെട്ട് ഒരാൾക്ക് ഇരിക്കാമെന്ന നിലപാടെടുക്കുകയായിരുന്നു. ഇതോടെ ചീഫ് ഏജന്റ് റോജസ് സെബാസ്റ്റിയൻ ബൂത്തിലിരിക്കുകയായിരുന്നു. ഈ ബൂത്തിൽ കാലാകാലമായി യു.ഡി.എഫ് ഏജന്റുമാർ ഇരിക്കാറുണ്ടായിരുന്നില്ല. റോജസിന് സുരക്ഷ നൽകാൻ കണ്ണൂർ റൂറൽ എസ്.പി ഡോ. നവനീത് ശർമ നിർദ്ദേശം നൽകി. സ്ഥാനാർത്ഥിയെ ബൂത്തിൽ നിന്നും ഇറക്കിവിട്ട നടപടി കാടത്തവും ജനാധിപത്യ വിരുദ്ധവുമാണെന്ന് യു.ഡി.എഫ് ആരോപിച്ചു. അതിനിടെ ആറളം ഫാം ഹൈസ്‌കൂൾ ആറാം നമ്പർ ബൂത്തിൽ യഥാർത്ഥ വോട്ടർ എത്തിയപ്പോൾ അവരുടെ വോട്ട് മറ്റൊരാൾ ചെയ്തുപോയതായി കണ്ടെത്തി. കുളങ്ങരത്ത് ഓമനാശങ്കരന്റെ വോട്ടാണ് മറ്റൊരാൾ ചെയ്തു പോയത്. ഇവർക്ക് ടെണ്ടർ വോട്ടു ചെയ്യാൻ പ്രിസൈഡിംഗ് ഓഫീസർ അനുമതി നൽകി.