swimming
പയ്യാമ്പലം കടലിൽ നീന്തിയ ആറുവയസുകാരൻ ഡാരിയസ് പ്രഭുവിനെ അ‌ഡ്വ. ടി.ഒ. മോഹനൻ അഭിനന്ദിക്കുന്നു

ജീവൻ രക്ഷാ സന്ദേശവുമായി കടലിൽ നീന്തി ആറുവയസുകാരൻ

കണ്ണൂർ: നീന്തലിന്റെ പ്രാധാന്യം വിളിച്ചോതി ജീവൻരക്ഷാ സന്ദേശവുമായി കടലിൽ നീന്തി ആറുവയസുകാരൻ ഡാരിയസ് പ്രഭു. ചാൾസൺ സ്വിമ്മിംഗ് അക്കാഡമിയുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിവന്ന നീന്തൽ പ്രകടനത്തിന്റെ തുടർച്ചയായാണ് ആറുവയസുകാരനും അറുപതുകാരനും പയ്യാമ്പലം കടലിൽ ഒന്നിച്ചു നീന്തിയത്. ഡാരിയസ് പ്രഭു കഴിഞ്ഞ ദിവസം പെരുമ്പ പുഴയും കവ്വായി കായലും നീന്തിക്കടന്നിരുന്നു. ഒരുകിലോമീറ്ററിലേറെ വിസ്തൃതിയുള്ള കവ്വായി കായൽ 20 മിനുട്ടുകൊണ്ട് നീന്തിക്കടന്ന ഡാരിയസിന്റെ പ്രകടനം ഏവരെയും അത്ഭുതപ്പെടുത്തയിരുന്നു.

പ്രതികൂല കാലാവസ്ഥയുണ്ടായാൽപോലും സധൈര്യം അതിജീവിക്കുന്നതിനായി നീന്തൽ പരിശീലകൻ ചാൾസൺ ഏഴിമലയുടെ ശിക്ഷണത്തിൽ എട്ടിക്കുളം, മാട്ടൂൽ, പയ്യാമ്പലം, മുഴപ്പിലങ്ങാട് എന്നിവിടങ്ങളിലായി നടത്തിയ ദിവസങ്ങൾ നീണ്ട പരിശീലനത്തിനു ശേഷമാണ് ഇന്നലെ പയ്യാമ്പലം കടലിൽ നാലുകിലോ മീറ്ററോളം ദൂരം നീന്തിയത്. ചാൾസന്റെ ശിഷ്യൻകൂടിയായ കതിരൂരിലെ അറുപതുകാരനായ ഇ. വിജയനും ദുബായിലെ മത്സരത്തിൽ അയേൺമാനായി തിരഞ്ഞെടുക്കപ്പെട്ട നിസാറുൾപ്പെടെയുള്ള ചാൾസന്റെ ശിഷ്യന്മാരായ മറ്റ് അഞ്ചുപേരും നീന്തലിൽ പങ്കെടുത്തു.

ലൈഫ്ഗാർഡുകളും കോസ്റ്റൽ പൊലീസും ഒരുക്കിയ സുരക്ഷാവലയത്തിലായിരുന്നു നീന്തൽ പ്രകടനം. രാവിലെ 7.05ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ കരയിൽനിന്നും നാലുകിലോമീറ്ററകലെ പുറങ്കടലിൽ ഫ്‌ളാഗ്ഓഫ് ചെയ്‌തതോടെയാണ് പ്രകടനം ആരംഭിച്ചത്. 8.10ന് പയ്യാമ്പലം തീരത്ത് നീന്തൽ അവസാനിച്ചു. കോർപ്പറേഷൻ മേയർ അ‌ഡ്വ. ടി.ഒ. മോഹനൻ, സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.കെ. പവിത്രൻ, സാഹസിക അക്കാഡമി സ്‌പെഷൽ ഓഫീസർ പി. പ്രണിത എന്നിവർ ചേർന്നാണ് ഇവരെ സ്വീകരിച്ചത്.