തലശ്ശേരി: തലശ്ശേരിയിലും സമീപ പ്രദേശങ്ങളിലുമായി ഒരു ഡസനിലേറെ പുതിയ പാലങ്ങൾ നിർമ്മിച്ചു കൊണ്ടിരിക്കെ, നഗരപ്രാന്തത്തിൽ, റെയിൽവേ സ്റ്റേഷന് ഒരു വിളിപ്പാടകലെയുള്ള കാലപ്പഴക്കം ചെന്ന് നാശോൻമുഖമായ കുയ്യാലിപ്പാലത്തെക്കുറിച്ച് ആർക്കും വേവലാതിയില്ല.
1966ൽ പാലം നിർമ്മിക്കുന്ന വേളയിൽ ഒരു ബസ് മാത്രം കടന്നു പോയ ഈ പാലത്തിലൂടെ ഇപ്പോൾ ഇടതടവില്ലാതെ നിര നിരയായി ഭാരവാഹനങ്ങൾ കടന്നു പോവുകയാണ്. ഒരു ബസിന് കഷ്ടിച്ച് കടന്നു പോകാൻ മാത്രം വീതിയുള്ള ഈ പാലത്തിന്റെ അടിഭാഗം ദ്രവിച്ച് കമ്പികൾ എഴുന്ന് നിൽക്കുകയാണ്. സിമന്റ് ചീളുകൾ അടർന്ന് വീണു കൊണ്ടിരിക്കുന്നു. പാലത്തിന്റെ കൈവരികൾ പലയിടങ്ങളിലും തകർന്നിട്ടുണ്ട്.
തലശ്ശേരി -കുടക് റോഡിലും, അഞ്ചരക്കണ്ടി വിമാനത്താവളം റോഡിലും ഗതാഗത തടസമുണ്ടാകുമ്പോൾ വാഹനങ്ങൾ ഇതുവഴിയാണ് കടന്നു പോവുക. കുയ്യാലി റെയിൽവേ ഗേറ്റ് അടച്ചു കഴിഞ്ഞാൽ, ഭാരവാഹനങ്ങൾ ഈ പാലത്തിൽ ഏറേ സമയം നിർത്തിയിടും. അതു താങ്ങാനുള്ള ശേഷിയില്ലാതെ പാലം കിതക്കുകയാണ്. കാണുന്ന കാട്ടുകാരിലും നെഞ്ചിടിപ്പേറുന്നു.
എവിടെയും എത്താതെ
റോഡ് നവീകരണം
വീനസ് കോർണർ മുതൽ ഗുഡ്സ് ഷെഡ് റോഡ് വരെ, റോഡ് വിതി കൂട്ടാനുള്ള നീക്കം വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണെങ്കിലും എവിടെയും എത്തിയില്ല. കുയ്യാലി ഗേറ്റ് അടച്ചാൽ, ഇത്രയും ദൂരം വാഹനങ്ങൾ ഏറേനേരം കാത്തു കെട്ടിക്കിടക്കേണ്ടി വരും. ഏറ്റവും കൂടുതൽ പാലങ്ങൾ പണിത സർക്കാർ എന്ന് ഇടത് സർക്കാർ അവകാശപ്പെടുമ്പോൾ, മുഖ്യമന്ത്രിയുടെ നാട്ടിലേക്ക് പോകുന്ന റോഡിലുള്ള കുയ്യാലി പാലത്തിന് മാത്രം ശാപമോക്ഷമില്ലാത്തതാണ് നാട്ടുകാരിൽ നിരാശ സൃഷ്ടിക്കുന്നത്.