seema-ratheesh
സീമ രതീഷ്

കാഞ്ഞങ്ങാട്: തീഷ്ണമായ ചൂടിൽ മനസ്സും ശരീരവും വെന്തെരിയുമ്പോൾ, കണ്ണിനും, കരളിനും കുളിരേകാൻ സീമാ രതീഷിന്റെ തണ്ണി മത്തൻ കൃഷി. പഴങ്ങളിലും പച്ചക്കറികളിലും മായം ചേർക്കുന്നതിനെതിരെ സന്ധിയില്ലാ സമരഭൂമിയായി തന്റെ കൃഷിയിടത്തെ സീമാ രതീഷ് മാറ്റിയിരിക്കുകയാണ്.

കുമ്പള ഗവ .ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയായ ഇവർ, കാർഷിക മേഖലയിലെ മാതൃകാ പ്രവർത്തനങ്ങൾക്ക് നാട്ടുകാരിൽ നിന്നും സർക്കാരിൽ നിന്നും അനുമോദനങ്ങളും, പുരസ്‌കാരങ്ങളും നേടിയിട്ടുമുണ്ട്. പുല്ലൂർ മീങ്ങോത്തെ, സ്വന്തം വീടിനോട് ചേർന്നുള്ള രണ്ടര ഏക്കർ കൃഷിയിടത്തിൽ പൂർണ്ണമായും ഓപ്പൺ പ്രിസിഷൻ എന്ന ഹൈടെക് രീതിയിൽ തയ്യാറാക്കിയ തോട്ടത്തിൽ, ജൈവകൃഷിരീതിയിൽ മികച്ച ഇനം തണ്ണീർ മത്തൻ കൃഷി ചെയ്യുകയാണിവർ.

ഷുഗർ ക്വീൻ എന്ന ഹൈബ്രിഡ് വിത്തുപയോഗിച്ചാണ് തണ്ണീർമത്തൻ കൃഷി നടത്തിയത്. ചാണകം, കോഴിവളം, പച്ച കക്കപ്പൊടി ചാരം, വേപ്പിൻ പിണ്ണാക്ക് എന്നിവ അടിവളമായി ഉപയോഗിച്ചു .70 ദിവസം കൊണ്ട് തണ്ണി മത്തൻ വിളവെടുപ്പിന് പാകമായി. മുപ്പത് ടൺ വിളവാണ് കൃഷിയിൽ നിന്നും സീമാ രതീഷ് പ്രതീക്ഷിക്കുന്നത്. ഇവിടെ വിളഞ്ഞ ഓരോ തണ്ണിമത്തനും മൂന്ന് മുതൽ നാല് കിലോ വരെ തൂക്കമുണ്ട്.
രാവിലെയും വൈകിട്ടും ഓരോ മണിക്കൂർ വീതം സമയം കണ്ടെത്തിയാണ് ഇവർ തണ്ണിമത്തൻ കൃഷിയിൽ വ്യാപൃതയായത് .
ഏതാനും വർഷം മുൻപ് ലക്ഷ്മിതരൂ വ്യാപകമായി നട്ടുവളർത്തുന്നതിന്റെ ഭാഗമായി ഭർത്താവ് രതീഷ് നിലാതിയിലിന്റെ വടകരയിലെ വീടിനോട് ചേർന്ന കൃഷിയിടത്തിൽ ശേഖരിച്ച ആയിരക്കണക്കിന് ലക്ഷ്മിതരുവിന്റെ തൈകൾ നാട്ടുകാർക്ക് സീമ ടീച്ചർ വിതരണംചെയ്തുകൊണ്ട് മാധ്യമശ്രദ്ധ നേടുകയുണ്ടായി .


വിളവെടുപ്പ് 26 ന്
6 ലക്ഷം രൂപയോളം ചെലവഴിച്ച് സീമ രതീഷ് മീങ്ങോത്ത് കൃഷിയിറക്കിയ വിഷരഹിത തണ്ണീർ മത്തന്റെ വിളവെടുപ്പ് 26 ന് മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവ്വഹിക്കും.

തണ്ണിമത്തൻ
ഡിസംബർ മുതൽ മാർച്ച് വരെയാണ് കൃഷിക്കനുയോജ്യമായ കാലം. വിളഞ്ഞു പാകമായ തണ്ണിമത്തന്റെ ഉള്ളിലെ മാംസളവും രുചികരവുമായ ഭക്ഷ്യപദാർത്ഥത്തിൽ ഇരുമ്പിന്റെ അംശം കൂടുതലാണെന്നും നല്ലൊരു ദാഹശമിനിയായ വത്തക്ക ജ്യുസിൽ വിറ്റാമിൻ എ,സി, ലൈക്കോപീൻ തുടങ്ങിയ ആന്റി ഒക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. കൊടും ചൂടിൽ ശരീരം തണുപ്പിക്കാനും, ദാഹമകറ്റാനും മാത്രമല്ല, ഹൃദ്രോഗം മുതൽ കാൻസർ രോഗം വരെ ഒരളവോളം തടയാനും, രക്തസമ്മർദ്ദം കുറക്കാനും വൃക്കയുടെ പ്രവർത്തനത്തിനും ശരീരഭാരം കുറയ്ക്കാനും തണ്ണിമത്തന് കഴിവുണ്ടത്രേ. കാൽസ്യം മഗ്‌നീഷ്യം, ഫൈബർ , പ്രോട്ടീൻ, പൊട്ടാസിയം എന്നിവ ധാരാളം അടങ്ങിയതിനാൽ ചർമ്മ സൗന്ദര്യത്തിനും ആരോഗ്യവർദ്ധനയ്ക്കും തണ്ണീർ മത്തൻ ഉത്തമമാണത്രെ.

തണ്ണിമത്തൻകൃഷി ജൈവോൽപ്പന്നമായതിനാൽ നിരവധി സൂപ്പർമാർക്കറ്റുകൾ തന്നെ സമീപിച്ചിട്ടുണ്ട്. അതിനാൽ വിപണനപ്രശ്‌നം നേരിടുന്നില്ല.

സീമാ രതീഷ്