കണ്ണൂർ: വിദ്യാർത്ഥികളുടെ പരീക്ഷാ പേടി മാറ്റുന്നതിനായി ജില്ലാ പഞ്ചായത്ത് ആരംഭിച്ച 'ആശങ്ക വേണ്ട, അരികിലുണ്ട്' പദ്ധതിയുടെ ഭാഗമായി 25 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളും വാർഡ് തല സമിതിയും ചേർന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികളുടെയും വീടുകളിൽ സന്ദർശനം നടത്തും. ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തീരുമാനം.

കൊവിഡ് സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകളിലേക്ക് മാറേണ്ടി വന്ന വിദ്യാർത്ഥികളിലെ പരീക്ഷ ആശങ്കകൾ ദുരീകരിക്കാനും മാനസിക സംഘർഷം കുറച്ച് വിജയ ശതമാനം വർദ്ധിപ്പിക്കുന്നതിനുമായി ആരംഭിച്ചതാണ് പദ്ധതി.

കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ വിൽക്കുന്നതിനായി ഫെബ്രുവരി രണ്ടാംവാരത്തിൽ കണ്ണൂർ ടൗൺ സ്‌ക്വയറിൽ വിപണന മേള നടത്തും. നഗരത്തിൽ സ്ഥിരമായി ഇത്തരം ആഴ്ച ചന്തകൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നതായും പ്രസിഡന്റ് പറഞ്ഞു. 2020-21 വാർഷിക പദ്ധതി അവലോകനവും യോഗത്തിൽ നടന്നു. ഇതുവരെ ഫണ്ട് വിഹിതത്തിന്റെ 75.11 ശതമാനം വിനിയോഗിച്ചു. നിലവിൽ സംസ്ഥാനത്ത് ഫണ്ട് വിനിയോഗത്തിൽ രണ്ടാംസ്ഥാനത്താണ് ജില്ല. പ്രസിഡന്റ് പി.പി ദിവ്യ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ.വിജയൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ വി.കെ സുരേഷ് ബാബു, യു.പി ശോഭ, അഡ്വ. ടി സരള, സെക്രട്ടറി വി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

പരീക്ഷാപ്പേടി മാറ്റുന്നതിന്റെ ഭാഗമായി സ്‌കൂൾ തല കമ്മിറ്റികൾ രൂപീകരിച്ചു കഴിഞ്ഞു. വാർഡ് തല കമ്മിറ്റി രൂപീകരണം പുരോഗമിക്കുകയാണ്. കുട്ടികളുടെ ആശങ്ക മാറ്റുന്നതിനായി കൗൺസലർമാരുടെ വിദഗ്ധ സമിതിക്ക് രൂപം നൽകും.

പി.പി. ദിവ്യ,

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്