തൃക്കരിപ്പൂർ: പതിനായിരങ്ങൾക്ക് അക്ഷര വെളിച്ചമേകി നൂറുവർഷം പിന്നിട്ട ഉദിനൂർ തടിയൻകൊവ്വൽ എ.എൽ.പി സ്‌കൂളിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ കെട്ടിടം നിർമിക്കുന്നു. നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കാക്കളുടെയും ചിരകാല അഭിലാഷമാണ് ഈ വിദ്യാലയത്തിന് പുതിയ കെട്ടിടം നിർമിക്കുക എന്നത്. കണ്ണൂർ രൂപതാ കോർപറേറ്റ് മാനേജ്‌മെന്റ് നേതൃത്വത്തിലാണ് പുതിയ പദ്ധതികൾ ആവിഷ്കരിച്ചത്.

മൂന്നു നിലകളിലായിട്ടുള്ള കെട്ടിടത്തിൽ പത്തിലധികം ക്ലാസ് മുറികളും ഓഫീസ് മുറിയും ഓരോ നിലയിലും ടോയ്‌ലറ്റുകളും സജ്ജമാക്കുന്നുണ്ട്. കണ്ണൂർ രൂപതാ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല സ്‌കൂൾ അങ്കണത്തിൽ 31ന് വൈകുന്നേരം നാലിന് കെട്ടിടത്തിന് ശിലാസ്‌ഥാപനം നടത്തും. ഇതിന് മുന്നോടിയായി സ്‌കൂളിൽ ചേർന്ന യോഗത്തിൽ പി.ടി.എ പ്രസിഡന്റ് യു. രജീഷ് അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ രൂപതാ കോർപറേറ്റ് മാനേജ്‌മെന്റ് അഡ്മിനിസ്ട്രേറ്റർ കെ.പി. മോഹനൻ പദ്ധതി വിശദീകരിച്ചു. പടന്ന ഗ്രാമപഞ്ചായത്ത് അംഗം പി.പി. കുഞ്ഞികൃഷ്ണൻ, സ്‌കൂൾ ലോക്കൽ മാനേജർ ഫാദർ ജോസഫ് തണ്ണിക്കോട്ട്, സ്‌കൂൾ മുഖ്യാദ്ധ്യാപിക വി. ലളിത, എസ്എസ്ജി വൈസ് പ്രസിഡന്റ് കെ. ലക്ഷ്മണൻ, സ്റ്റാഫ് സെക്രട്ടറി ടി. അരുൺകുമാർ എന്നിവർ പ്രസംഗിച്ചു.