election
തില്ലങ്കേരി ഡിവിഷനിൽ വിജയിച്ച അഡ്വ. ബിനോയ്‌ കുര്യനുമായി എൽ.ഡി.എഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനം

തില്ലങ്കേരി: ജില്ലാ പഞ്ചായത്ത്‌ തില്ലങ്കേരി ഡിവിഷനിൽ നടന്ന പ്രത്യേകതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്‌ ചരിത്ര വിജയം. സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ബിനോയ്‌ കുര്യൻ 6980 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യു.ഡി.എഫിലെ ലിൻഡ ജയിംസിനെയാണ്‌ അദ്ദേഹം പരാജയപ്പെടുത്തിയത്. 24 അംഗ കണ്ണൂർ ജില്ലാ പഞ്ചായത്തിൽ എൽ ഡിഎഫ് അംഗസംഖ്യ ഇതോടെ 17 ആയി.

എല്ലാ പഞ്ചായത്തിലും എൽ.ഡി.എഫ് ലീഡ് നേടി. യു.ഡി.എഫ് സ്വാധീന മേഖലയായ അയ്യങ്കുന്ന് പഞ്ചായത്തിൽ ആദ്യമായാണ് എൽ.ഡി.എഫ് ലീഡ് നേടുന്നത്. യു.ഡി.എഫിന്റെ ഉറച്ച സീറ്റായിരുന്നു മലയോര മേഖലയായ തില്ലങ്കേരി. നേരത്തെ യു.ഡി.എഫ്‌ സ്ഥാനാർത്ഥിയായ ജോർജ്‌കുട്ടി ഇരുമ്പുകുഴിയുടെ ‌മരണത്തെ തുടർന്നാണ്‌ ഇവിടെ തിരഞ്ഞെടുപ്പ്‌ മാറ്റിവയ്‌ക്കേണ്ടിവന്നത്.

ബിനോയ്‌ കുര്യൻ 18,687 വോട്ടും ലിൻഡ 11,707 വോട്ടും നേടി. ബി.ജെ.പി സ്ഥാനാർത്ഥി കെ. ജയപ്രകാശിന്‌ 1333 വോട്ടു ലഭിച്ചു. കഴിഞ്ഞ തവണ യു.ഡി.എഫ്‌ 285 വോട്ടിനു വിജയിച്ച മണ്ഡലമാണ്‌ എൽ.ഡി.എഫ്‌ തിളക്കമാർന്ന ഭൂരിപക്ഷത്തോടെ തിരിച്ചു പിടിച്ചത്‌.