തളിപ്പറമ്പ്: പെട്രോൾ ബങ്കിലും ചിപ്സ് കടയിലും തട്ടുകടയിലും മോഷണശ്രമം. പണമോ മറ്റ് സാധനങ്ങളോ കാര്യമായി നഷ്ടമായില്ലെങ്കിലും കടകളിൽ വലിയ നാശനഷ്ടം വരുത്തി. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് കവർച്ചാശ്രമം നടന്നത്. തൃച്ചംബരം പെട്രോൾ ബങ്കിലും ഇതിന് മുന്നിൽ തലോറയിലെ പുതിയപുരയിൽ ഹൈസിൽ പി.പി. ഷിജിത്തിന്റെ ഉടമസ്ഥതയിലുള്ള ഷീബാ ചിപ്സ് സെന്ററിലുമാണ് കവർച്ചാശ്രമം നടന്നത്. ചിപ്സ് കടയിൽ കയറിയ മോഷ്ടാവ് എല്ലാ സാധനങ്ങളും വാരിവലിച്ചിട്ട് നശിപ്പിച്ച നിലയിലാണ്.

ചില്ലറ നാണയങ്ങളും നോട്ടുകളും കവർന്നു. അലമാര ഗ്ലാസുകളും തകർത്തു. പെട്രോൾ ബങ്കിലെ ഗ്ലാസ് നീക്കിയാണ് അകത്തുകയറിയത്. മേശവലിപ്പിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. ഫെഡറൽ ബാങ്കിന് സമീപത്തെ റോയിയുടെ തട്ടുകടയിലും മോഷണ ശ്രമം നടന്നു. കടയിലെ സിസി ടിവി കാമറയിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കുറച്ചുദിവസം മുമ്പ് ദേശീയപാതയോരത്തെ ഇ ടോയ്ലറ്റിലും കവർച്ച നടന്നിരുന്നു.