തളിപ്പറമ്പ്: പട്ടുവത്ത് അടിത്തറ നഷ്ടപ്പെടുന്നതിന്റെ പരിഭ്രാന്തിയിൽ സി.പി.എം വർഗീയത പരത്തി അക്രമത്തിന് ആഹ്വാനം ചെയ്യുകയും തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നതായും ഡി.സി.സി ജനറൽ സെക്രട്ടറി രാജീവൻ കപ്പച്ചേരി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞ ദിവസം കൂത്താട്ട് സി.പി.എം നടത്തിയ പൊതുയോഗത്തിൽ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയും പരസ്യമായി ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. താൻ വർഗീയമായി സംസാരിച്ചുവെന്ന് പ്രചരിപ്പിക്കുകയും വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുകയുമാണ്.
കൂത്താട്ട് വാർഡിൽ 20 വർഷമായി കോൺഗ്രസ് സ്ഥാനാർത്ഥികൾ ജയിച്ചു വരികയാണ്. ഇത് അട്ടിമറിക്കാൻ മറ്റു വാർഡുകളിൽ നിന്ന് സി.പി.എം പ്രവർത്തകർ നിരന്തരം കൂത്താട്ട് വരികയും വർഗീയ പ്രചാരണം നടത്തി ജനങ്ങളുടെ ഇടയിൽ വിഭാഗീയത ഉണ്ടാക്കുകയും ചെയ്യുന്നത് നാട്ടിലെ സമാധാന ജീവിതം തകർക്കുകയാണ്. സി.പി.എം നേതാക്കൾ തന്നെ ഇതിന് ചുക്കാൻ പിടിക്കുന്നതിന്റെ തെളിവാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിന് തലേന്ന് ടി.വി രാജേഷ് എം.എൽ.എ ഒരു ദിവസം മുഴുവൻ ഭവന സന്ദർശനം നടത്തി വോട്ട് പിടിക്കാൻ ശ്രമിച്ചത്.
1979 മീത്തൽ തൈരു നായർ കൊലപാതകം മുതൽ 2020 ലെ തീവെപ്പ് വരെ ആക്രമങ്ങളുടെ പരമ്പരയാണ് പട്ടുവത്തെ കോൺഗ്രസ് പ്രവർത്തകർ നേരിടേണ്ടി വന്നത്. അതിൽ ഏറെയും എന്റെ കുടുംബത്തിന് നേരെയാണ്. ചില മതവിഭാഗങ്ങളെ പ്രത്യേകം ലക്ഷ്യം വച്ച് വർഗീയത ഊതി വീർപ്പിച്ച് കോൺഗ്രസിന് എതിരാക്കാനുള്ള സി.പി.എം നീക്കം വർഗീയ കലാപത്തിലേക്ക് നയിക്കും. തനിക്കെതിരെയുള്ള ഗൂഢാലോചനകൾ തുടർന്നാൽ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിനു മുന്നിൽ ഉപവാസമിരിക്കുമെന്നും രാജീവൻ കപ്പച്ചേരി വ്യക്തമാക്കി. നിയമ സഹായ സമിതി ചെയർമാൻ നൗഷാദ് ബ്ലാത്തൂർ, സി. നാരായണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.