jayarajan

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് സജ്ജമായി ജില്ലയിലെ സി.പി.എം. ഇതോടെ സ്ഥാനാർത്ഥികളുമായി ബന്ധപ്പെട്ട് പാർട്ടിക്കകത്തും പുറത്തും ചർച്ചകളും അഭ്യൂഹങ്ങളും പുറത്തുവന്ന് തുടങ്ങി. ജില്ലയ്ക്കകത്തെ പ്രമുഖ നേതാക്കൾ മത്സര രംഗത്ത് ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി. സംസ്ഥാനത്ത് മൂന്ന് ജില്ലാ സെക്രട്ടറിമാരാണ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുക. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, കൊല്ലം ജില്ലാ സെക്രട്ടറി കെ.എൻ. ബാലഗോപാൽ ,കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ എന്നിവരുടെ സ്ഥാനാർത്ഥിത്വം തത്വത്തിൽ പാർട്ടി അംഗീകരിച്ചിട്ടുണ്ട്.

ഇതിൽ എം.വി. ജയരാജൻ കല്യാശേരി മണ്ഡലത്തിൽ നിന്നും ജനവിധി തേടുമെന്നാണ് അറിയുന്നത്. ഇവിടെ ടി.വി. രാജേഷാണ് സിറ്റിംഗ് എം.എൽ.എ. രണ്ടുടേം പൂർത്തിയാക്കിയതിനാൽ ഇക്കുറി രാജേഷിന് മത്സര രംഗത്തു നിന്നും മാറി നിൽക്കേണ്ടി വരും. രണ്ടാം പിണറായി മന്ത്രിസഭ വരികയാണെങ്കിൽ മന്ത്രിയാകാൻ സാദ്ധ്യതയുള്ള നേതാക്കളിലൊരാളാണ് എം.വി. ജയരാജൻ. പാർലമെന്ററി രംഗത്ത് കഴിവു തെളിയിച്ച സി.പി.എമ്മിലെ മുൻനിര നേതാക്കളിലൊരാളെന്ന പ്രത്യേക പരിഗണനയും ജയരാജനുണ്ട്. എന്നാൽ ജയരാജൻ മത്സരിക്കുകയാണെങ്കിൽ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയാരാകുമെന്ന ചോദ്യവും ഉയരുന്നു.

തളിപ്പറമ്പ് മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എയായ ജയിംസ് മാത്യുവിന്റെ പേരാണ് സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇത്തവണ തളിപ്പറമ്പ് മണ്ഡലത്തിൽ നിന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി ഗോവിന്ദൻ മത്സരിക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. രണ്ടുടേം എം.എൽ.എ സ്ഥാനം പൂർത്തിയാക്കിയ ജയിംസ് മാത്യു വിണ്ടും മത്സര രംഗത്ത് ഉണ്ടാകില്ല. ഈ സാഹചര്യത്തിലാണ് ജയിംസിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. നേരത്തെ വി.എസ്. അച്ചുതാനന്ദന്റെ അടുത്ത അനുയായി അറിയപ്പെട്ടിരുന്ന ജയിംസ് പിന്നീട് ഔദ്യോഗിക ചേരിയിലേക്ക് ചേരി മാറുകയായിരുന്നു.

ജയിംസിനു പുറമേ മുൻ ജില്ലാ സെക്രട്ടറി പി. ശശി, കെ.കെ. രാഗേഷ് എന്നിവരെയാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന രണ്ടു പേർ. എന്നാൽ സ്വഭാവദൂഷ്യത്തിന് പാർട്ടി പുറത്താക്കിയ പി. ശശിയെ പിന്നീട് ശിക്ഷാ കാലവധി കഴിഞ്ഞതിനു ശേഷം തിരിച്ചെടുത്തുവെങ്കിലും മുഖ്യധാരയിലേക്ക് തിരിച്ചെത്തിച്ചിട്ടില്ല. സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പി. ജയരാജനെ തിരിച്ചു കൊണ്ടുവരണമെന്ന് പ്രവർത്തകർക്കിടയിൽ ശക്തമായ ആവശ്യം ഉയരുന്നുണ്ട്. അതല്ല കണ്ണൂർ സീറ്റ് കോൺഗ്രസ് എസിൽനിന്ന് തിരിച്ചെടുത്ത് പി. ജയരാജനെ മത്സരിപ്പിക്കണമെന്നും അഭിപ്രായം ഉയരുന്നുണ്ട്. ഇതല്ലെങ്കിൽ പാർട്ടിയുടെ സുരക്ഷിത മണ്ഡലമായ പയ്യന്നൂരിൽ പി. ജയരാജനെ മത്സരിപ്പിക്കണമെന്ന അഭിപ്രായവും പാർട്ടിക്കുള്ളിലുണ്ട്. എന്നാൽ കഴിഞ്ഞ തവണ മത്സരിക്കാൻ മാനസികമായി തയ്യാറെടുത്ത ടി.ഐ. മധുസൂദനൻ ഇവിടെ വിലങ്ങായി നിൽപ്പുണ്ട്.