road

കണ്ണൂർ:കാസർകോട് - തിരുവനന്തപുരം ദേശീയപാത ആറുവരിയായി വികസിപ്പിക്കാനുള്ള സ്വപ്നപദ്ധതിയുടെ സ്ഥലമെടുപ്പ് പ്രതിഷേധങ്ങളെ അതിജീവിച്ച് അവസാന ഘട്ടത്തിലേക്ക്. മൊത്തം പതിനായിരം ഏക്കറിൽ ഏറ്റെടുക്കാൻ ശേഷിക്കുന്നത് രണ്ടായിരം ഏക്കർ മാത്രം. മാർച്ച് 31ന് മുമ്പ് ഭൂമി കൈമാറാമെന്ന് സംസ്ഥാന സർക്കാർ ദേശീയപാത അതോറിറ്റിക്ക് ഉറപ്പ് നൽകി. നാല് വർഷത്തിനകം പാത യാഥാർത്ഥ്യമാകും.

ദേശീയപാത 66ൽ കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കഴക്കൂട്ടം വരെ 521.81 കിലോമീറ്ററാണ് 45 മീറ്റർ വീതിയിൽ ആറുവരിയായി വികസിപ്പിക്കുന്നത്. ഇരുവശത്തും മൂന്നുവരിയും ഓരോ സർവീസ് റോഡും.

പാതവികസനത്തിന് 44,​000 കോടിയാണ് ദേശീയപാത അതോറിറ്റി ചെലവ് കണക്കാക്കുന്നത്. ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിന് ചെലവ് 21,​000 കോടി. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി നഷ്ടപരിഹാരം നൽകിത്തുടങ്ങി. സെന്റിന് ആറ് മുതൽ എട്ട് ലക്ഷം രൂപ വരെ മോഹവിലയാണ് സർക്കാർ നൽകുന്നത്. കോഴിക്കോട് ആറുവരിപ്പാത നിർമ്മാണം ഈ മാസം അവസാനം തുടങ്ങും.

പാത പോകുന്ന ജില്ലകൾ

കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം

നടപടികൾ അതിവേഗം ​

കാസർകോട് നീലേശ്വരം - ചെങ്കള കരാർ മേഘ കൺസ്ട്രക്‌ഷൻ കമ്പനിക്ക്. പണി ഉടൻ തുടങ്ങും - 1800 കോടി

തളിപ്പറമ്പ്- മുഴപ്പിലങ്ങാട് കരാർ റീ ടെൻഡർ ഒരു മാസത്തിനകം

കോഴിക്കോട് ജില്ലയിലെ മൂരാട്, പാലോളി പാലങ്ങൾ - കരാർ അഹമ്മദാബാദിലെ ഇ - 5 ഇൻഫ്രാസ്ട്രക്ചർ കമ്പനിക്ക് - 68.55 കോടി

അഴിയൂർ -വെങ്ങളം കരാർ അദാനി ഗ്രൂപ്പിന് - 1382.56 കോടി

വെങ്ങളം- രാമനാട്ടുകര ബൈപ്പാസ് കരാർ കെ. എം.സി - ഇൻകെൽ കൺസോർഷ്യത്തിന് -1853 കോടി

രാമനാട്ടുകര- വളാഞ്ചേരി ടെൻഡർ വിളിച്ചു - എസ്റ്റിമേറ്റ് 1945.06 കോടി

വളാഞ്ചേരി- കാപ്പിരിക്കാട് ടെൻഡർ വിളിച്ചു - എസ്റ്റിമേറ്റ് 1705.88 കോടി

കാപ്പിരിക്കാട് - തളിക്കുളം ടെൻഡർ വിളിച്ചു - എസ്റ്റിമേറ്റ് 1168.19 കോടി

തളിക്കുളം- കൊടുങ്ങല്ലൂർ ടെൻഡർ വിളിച്ചു - എസ്റ്റിമേറ്റ് 1231.70 കോടി

കൊല്ലം ബൈപ്പാസ് - കടമ്പാട്ടുകോണം ടെൻഡർ വിളിച്ചു - എസ്റ്റിമേറ്റ് 1282.88 കോടി