crimitorium
ചൂരിപ്പാറയിൽ നിർമ്മിച്ച ഹൈടെക് ശ്മശാനം

നീലേശ്വരം: കിനാനൂർ-കരിന്തളം പഞ്ചായത്തിൽ രണ്ടാം വാർഡ്‌ ചൂരിപ്പാറയിൽ ആധുനിക രീതിയിലുള്ള ഹെടെക് ഗ്യാസ് ക്രിമറ്റോറിയം തയ്യാറാവുന്നു. സംസ്ഥാന ശുചിത്വമിഷൻ, ജില്ല പഞ്ചായത്ത്, കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ 65 ലക്ഷം രൂപ ചിലവിലാണ് ശ്മശാനം നിർമ്മിച്ചത്. ഫെബ്രുവരി രണ്ടാം വാരത്തോടെ ശ്മശാനം ഉദ്ഘാടനം ചെയ്യും.

രണ്ട് ഏക്കർ വിസ്തൃതിയുള്ള ചുറ്റുമതിലോട് കൂടിയുള്ള ശ്മശാനത്തിൽ പൂന്തോട്ടം, കുട്ടികൾക്കുള്ള കളിസ്ഥലം, പുൽമേട്, 20,000 ലിറ്റർ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

മുൻകാലങ്ങളിൽ ചൂരിപ്പാറ പൊതുശ്മശാനത്തിൽ അന്യദേശങ്ങളിൽ നിന്ന് മൃതദേഹം കൊണ്ടുവന്ന് സംസ്കരിക്കാറുണ്ട്. ഇങ്ങിനെ കൊണ്ടുവരുന്ന മൃതദേഹം പൂർണ്ണമായും കത്തിതീരാതെ സ്ഥലം വിടുകയാണ് പതിവ്. ഇത് പരിസരവാസികൾക്ക് ദുർഗന്ധം പരത്താനും ഇടയാക്കിയിരുന്നു. നാട്ടുകാരുടെ ഏറെനാളെത്തെ മുറവിളിക്ക് ശേഷമാണ് ആധുനിക രീതിയിലുള്ള ശ്മശാനം നിർമ്മിച്ചിരിക്കുന്നത്. ശ്മശാനത്തിന് ഓഫീസ് റൂം കൂടാതെ രണ്ട് ജീവനക്കാരെയും നിയമിക്കും.