island
കാവുംചിറ കൃത്രിമദ്വീപ്

ചെറുവത്തൂർ: കാവുംചിറ പുഴയിൽ അഴിമുഖത്തിന് അഭിമുഖമായി നിർമ്മിച്ച കൃത്രിമ ദ്വീപിൽ മിയാവാക്കി വനവൽക്കരണം നടപ്പിലാക്കുന്നു. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി സാദ്ധ്യമാക്കുക.

ഏറെ ടൂറിസം സാധ്യതയുള്ള ദ്വീപിൽ പ്രാദേശിക ആവാസ വ്യവസ്ഥയിൽ വളരുന്ന വലുതുംചെറുതുമായ മരങ്ങളുടെ വൈവിധ്യ ശേഖരത്തിലൂടെ വനവൽക്കരണം നടപ്പിലാക്കുകയാണ് ലക്ഷ്യം.

അത്തി, പേരാൽ, മുള്ളുമുരുക്ക്, കാഞ്ഞിരം, മഞ്ചാടി, കുന്നിമണി, നെല്ലി, നീർമാതളം, അരയാൽ, പൂവരശ്, മാവ്, പ്ലാവ്, കണിക്കൊന്ന, രാമച്ചം, പതിമുഖം, ചാമ്പ, കരിങ്ങാലി, കൊക്കോ, ഏഴിലംപാല, ഇലഞ്ഞി, ഇലവ്, പ്ലാശ് തുടങ്ങിയവയോടൊപ്പം പക്ഷികളെയും ശലഭങ്ങളെയും ആകർഷിക്കുന്ന ഫലവൃക്ഷങ്ങളും 'മിയാവാക്കി'യുടെ ഭാഗമായി ദ്വീപിൽ വച്ചുപിടിപ്പിക്കും.

കൂടാതെ മലനാട് റിവർ ക്രൂയിസ് ടൂറിസം സർക്യൂട്ടിൽ ഉൾപ്പെടുന്നതും പുലിമുട്ടിന് അഭിമുഖമായി നിൽക്കുന്നതുമായ ഈ കൃത്രിമ ദ്വീപിനെ ടൂറിസം സ്‌പോട്ടാക്കി മാറ്റുന്നതിനും പദ്ധതിയുണ്ട്. ഇതിന്റെ മാസ്റ്റർപ്ലാ ൻ തയ്യാറാക്കുന്നതിനായി ടൂറിസം വകുപ്പ് അംഗീകൃത ആർക്കിടെക്ട് പ്രമോദ് പാർത്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആർക്കിടെക്ടും ടൂറിസം അധികൃതരും വരും ദിവസങ്ങളിൽ ദ്വീപ് സന്ദർശിക്കുമെന്ന് എം. രാജഗോപാലൻ എം.എൽ.എ. അറിയിച്ചു.

മിയാവാക്കി പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഡി.ടി.പി.സി സെക്രട്ടറി ബിജു രാഘവൻ, മാനേജർ പി. സുനിൽ കുമാർ, സൈറ്റ് സൂപ്പർവൈസർ കെ.ബി. ഗണേഷ്, സൈറ്റ് കോഡിനേറ്റർ വി.കെ. ഷാഹിന തുടങ്ങിയവർ സ്ഥലപരിശോധന നടത്തി.

മിയാവാക്കി

വളരെ കുറഞ്ഞ കാലയളവിൽ വളരെ ചെറിയ ഭൂമിയെ ഹരിതവനം ആക്കി മാറ്റുന്ന രീതിയാണ് മിയാവാക്കി വനവൽക്കരണം. പത്തുവർഷം കൊണ്ട് 30 വർഷത്തെയും 30 വർഷംകൊണ്ട് 100 വർഷത്തെയും വളർച്ചയെത്തി ഒരു നിബിഡവനമായി മാറും എന്നതാണ് ഇതിന്റെ പ്രത്യേകത. കേരളത്തിലെ 12 ജില്ലകളിലും ഇത്തരത്തിലുള്ള മാതൃകാ വനവൽക്കരണം നടക്കുന്നുണ്ട്.