endo

കളക്ട്രേറ്റ് ഉപരോധം ജനുവരി 30 ന്

കാസർകോട്: പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും ജലരേഖയായി മാറിയതോടെ എൻഡോസൾഫാൻ ഇരകൾ വീണ്ടും പ്രക്ഷോഭ രംഗത്തേക്ക്. ഇതിനുമുന്നോടിയായി എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ ജനുവരി 30 ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കളക്ട്രേറ്റ് മാർച്ചും ഉപരോധവും നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

2019 ജനുവരിയിൽ സെക്രട്ടറിയേറ്റിനു മുമ്പിൽ നടന്ന പട്ടിണി സമരത്തെ തുടർന്ന് മുഖ്യമന്ത്രിയുമായി നടന്ന ചർച്ചയിലെ തീരുമാന പ്രകാരം 2017ലെ പ്രത്യേക മെഡിക്കൽ ക്യാമ്പിലൂടെ കണ്ടെത്തിയ 1905 പേരിൽ നിന്നും 18 വയസ്സിൽ താഴെയുള്ള 511 കുട്ടികളെ പട്ടികയിൽ പെടുത്തിയെങ്കിലും ആനുകൂല്യങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെടുകയാണ്. ബാക്കി വന്ന 1031 പേരുടെ മെഡിക്കൽ റിക്കാർഡ് പരിശോധിച്ച് ലിസ്റ്റിൽ പെടുത്തുമെന്ന വാഗ്ദാനവും നടപ്പായില്ല. ക്യാമ്പിൽ പങ്കെടുക്കാൻ കഴിയാതെ പോയവർക്ക് വേണ്ടി പ്രത്യേക മെഡിക്കൽ ക്യാമ്പ് നടത്തുമെന്നു പറഞ്ഞെങ്കിലും ഉണ്ടായില്ല.
30 ന് രാവിലെ 10 മണിക്ക് ഗവൺമന്റ് കോളേജ് പരിസരത്ത് നിന്നും പ്രകടനമായെത്തിയാണ് കളക്ടേറ്റ് ഉപരോധിക്കുക. വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് മുനീസ അമ്പലത്തറ, കെ. ചന്ദ്രാവതി, എം.പി ജമീല, മിസ്സിരിയ ചെങ്കള, പുഷ്പ ചട്ടഞ്ചാൽ എന്നിവർ പങ്കെടുത്തു.

കോടതിവിധി പോലും നടപ്പാക്കാതെ...

2017 ജനുവരി 10-ാം തീയ്യതിയിലെ സുപ്രീം കോടതി വിധി പ്രകാരം പട്ടികയിൽ ഉൾപ്പെട്ടവർക്കെല്ലാം 5 ലക്ഷം രൂപ നൽകാനാവശ്യപ്പെട്ടെങ്കിലും സർക്കാർ അത് നടപ്പാക്കാതെ വന്നപ്പോൾ നാല് അമ്മമാർ കോടതിയെ സമീപിച്ചതിനെ തുടർന്ന് അവർക്കുമാത്രമാണ് 5 ലക്ഷം രൂപ ലഭിച്ചത്. സുപ്രീം കോടതി വിധി നടപ്പാക്കണമെങ്കിൽ 217 കോടിയോളം രൂപ ആവശ്യമാണെന്നിരിക്കെ 19 കോടി മാത്രമാണ് ബഡ്ജറ്റിൽ ഉ. ൾപ്പെടുത്തിയിരിക്കുന്നത്.

2013-ലെ സർക്കാർ ഉത്തരവു പ്രകാരം ബി.പി.എൽ ആനുകൂല്യവും സൗജന്യ റേഷനും നൽകേണ്ടതാണെങ്കിലും റേഷൻ സംവിധാനം പുനഃസ്ഥാപിച്ചില്ല. സകല മേഖലകളിലും പെൻഷൻ വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാകമ്പോൾ എൻഡോസൾഫാൻ ദുരിത ബാധിതരുടെ കാര്യത്തിൽ മാത്രം അതുണ്ടായില്ല.

ആവശ്യമായ ചികിത്സ ജില്ലയിൽ ലഭിക്കാത്തതും ദുരിത ബാധിതരെ കുഴക്കുകയാണ്. ഒരു ന്യൂറോളജിസ്റ്റിനെ നിയമിക്കണമെന്ന പരിമിതമായ ആവശ്യം പോലും സർക്കാർ പരിഗണിക്കുന്നില്ല.