money

വെട്ടിച്ചത് 4 കോടി  ഇടപാടുകാരുടെ യോഗം വിളിച്ചു

കാസർകോട്: ജില്ലയിലെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ഉപ്പള മർച്ചന്റ്സ് അസോസിയേഷന്റെ കീഴിലുള്ള ധനകാര്യസ്ഥാപനത്തിൽ നാലു കോടിയുടെ വെട്ടിപ്പ്. സംഭവം വിവാദമായതോടെ വ്യാപാരിി വ്യവസായി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതൃത്വം ഇടപെട്ട് 27ന് ഇടപാടുകാരുടെ യോഗം വിളിച്ചു ചേർത്തിരിക്കുകയാണ്. വെട്ടിപ്പ് നടത്തിയ മുഴുവൻ തുകയും 27 നുള്ളിൽ ഇടപാടുകാർക്ക് നൽകിയില്ലെങ്കിൽ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് മഞ്ചേശ്വരം പൊലീസ് ഉപ്പളയിലെ വ്യാപാരി നേതാക്കൾക്ക് മുന്നറിയിപ്പു നൽകിയിട്ടുമുണ്ട്.

വ്യാപാരി വ്യവസായി ഏകോപനസമിതി ഉപ്പള യൂണിറ്റിലെ പ്രധാന ഭാരവാഹി, ധനകാര്യ സ്ഥാപനത്തിലെ ഒരു പിഗ്മി കലക്ഷൻ ഏജന്റ്, പ്രധാന ജീവനക്കാരൻ എന്നിവർ ചേർന്നാണ് ക്രമക്കേട് നടത്തിയതെന്നാണ് ആരോപണം. കൊവിഡ് ലോക്ക് ഡൗൺ സമയത്ത് നിക്ഷേപമായി കിട്ടിയതുകയും ചിട്ടിപ്പണവും പിഗ്മി കളക്ഷൻ തുകയും അടക്കം നാലു കോടി രൂപ കാണാനില്ലെന്നാണ് ജില്ലാ നേതൃത്വം നടത്തിയ പ്രാഥമികാന്വേഷണത്തിൽ ബോധ്യപ്പെട്ടത്. ഇതിൽ ഒരു കോടി രൂപ പിരിഞ്ഞു കിട്ടാനുള്ളതാണ്. ബാക്കിയുള്ള മൂന്നു കോടിയോളം രൂപ മൂന്നുപേരും ചേർന്ന് തിരിമറി നടത്തിയെന്നാണ് കരുതുന്നത്.

ഉപ്പള മർച്ചന്റ്സ് അസോസിയേഷന്റെ പ്രധാന ഭാരവാഹിയാണ് തിരിമറിയുടെ സൂത്രധാരൻ എന്ന് കണ്ടെത്തിയതിനാൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് ഇയാളെ ജില്ലാ നേതൃത്വം ഇടപെട്ട് ഭാരവാഹിത്വത്തിൽ നിന്നും മാറ്റിയിരുന്നു. പിഗ്മി കലക്ഷൻ ഏജന്റ് 60 ലക്ഷം രൂപയുടെയും ബാങ്ക് ജീവനക്കാരൻ 50 ലക്ഷം രൂപയുടെയും ക്രമക്കേട് നടത്തിയെന്നും ആരോപണമുണ്ട്.

അതിനിടെ രണ്ടുമാസം മുമ്പ് സ്ഥാപനത്തിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വ്യാജ ഒപ്പിട്ട് കൈക്കലാക്കിയ വിവരവും പുറത്തുവന്നിട്ടുണ്ട്. തിരിമറി സംബന്ധിച്ച പ്രശ്‌നം ഒത്തുതീപ്പാക്കാൻ മൂന്നുതവണ ശ്രമം നടത്തിയിട്ടും ഫലമുണ്ടായില്ല. അതിനിടെ ആരോപണവിധേയനായ വ്യാപാരി നേതാവ് മഞ്ചേശ്വരം ഇൻസ്‌പെക്ടറെ സമീപിച്ച് തനിക്കെതിരെ ഭീഷണിയുണ്ടെന്നും സ്വത്ത് വിറ്റിട്ടാണെങ്കിൽ പോലും പണം തിരികെ അടയ്ക്കുമെന്നും അറിയിച്ചിട്ടുണ്ടത്രേ. 27 ന് വിളിച്ചു ചേർത്ത ഇടപാടുകാരുടെ യോഗത്തിൽ തിരിമറി നടത്തിയ പണത്തിന്റെ കൃത്യമായ കണക്കെടുപ്പ് നടത്തുമെന്നു ഒരു ജില്ലാ നേതാവ് പറഞ്ഞു.

മെമ്പർമാർ 860

ദിന കളക്ഷൻ 3.5 ലക്ഷം രൂപ