കാസർകോട്: സ്വകാര്യ ആശുപത്രിയിൽ എത്തിയ സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് ആൾക്കൂട്ടത്തിന്റെ മർദ്ദനം ഭയന്ന് ഓടുന്നതിനിടെ വീണുമരിച്ചു. ചെമ്മനാട് പഞ്ചായത്തിലെ ദേളി സ്വദേശിയായ മുഹമ്മദ് റഫീഖ് (49) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ കാസർകോട് കറന്തക്കാട് അശ്വിനി നഗറിലെ സ്വകാര്യ ആശുപത്രിക്ക് സമീപമാണ് സംഭവം. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാൻ എത്തിയ കുമ്പള സ്വദേശിയായ 45 കാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ സ്ത്രീ ബഹളം വയ്‌ക്കുകയും റഫീഖിന്റെ പിറകെ ഓടുകയും ചെയ്തു. ഇതിനിടെ കൂടെയുണ്ടായിരുന്നയാൾ ബെൽറ്റ് ഊരി അടിക്കാൻ ശ്രമിച്ചതായി ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ പൊലീസിന് മൊഴി നൽകി. മറ്റൊരാൾ പിടിച്ചു തള്ളുന്ന ദൃശ്യം സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്. ഓടിരക്ഷപ്പെടാൻ ശ്രമിച്ച റഫീഖിനെ ഏതാനും പേർ പിറകെ ഓടി പിടിച്ചുകൊണ്ടുവന്നു. ആശുപത്രിയുടെ തൊട്ടടുത്തുള്ള കടയുടെ മുന്നിൽ എത്തിയപ്പോൾ റഫീഖ് കുഴഞ്ഞു വീഴുകയായിരുന്നു. പിടിച്ചുകൊണ്ടുവരുന്നത് കണ്ടെന്നും തല്ലുന്നത് ശ്രദ്ധയിൽപ്പെട്ടില്ലെന്നും കടക്കാരൻ പൊലീസിനോട് പറഞ്ഞു. വായിൽ നിന്നും നുരയും പതയും വരുന്ന നിലയിൽ വീണുകിടന്ന റഫീഖിനെ ഉടന്‍ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കാസർകോട് ഡിവൈ. എസ് പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. സമീപത്തെ കടകളിലെയും മറ്റ് കെട്ടിടങ്ങളിലെയും സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. പൊലീസ് പറയുന്നത് ഇങ്ങനെയാണ് :
ആശുപത്രിയിൽ എത്തിയ 45 കാരിയെ ഇയാൾ ഉപദ്രവിച്ചു. സ്ത്രീ ബഹളം വെച്ച് പിന്നാലെ ഓടിയപ്പോൾ ആൾക്കാർ പിറകെ ഓടി. ഒരാൾ പിടിച്ചു തള്ളുകയും മറ്റൊരാൾ ബെൽറ്റ് ഊരി തല്ലാനും ശ്രമിച്ചു. ആശുപത്രിയിൽ മറ്റു ചിലരെയും ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് സ്ത്രീ പറഞ്ഞിട്ടുണ്ട്. ആളുകൾ പിടിച്ചു കൊണ്ടുവരുമ്പോൾ വീണ് മരിക്കുകയായിരുന്നു. അടിക്കുകയോ ചവിട്ടുകയോ ചെയ്തതിന്റെ യാതൊരു പാടും റഫീഖിന്റെ ശരീരത്തിൽ ഇല്ല. പരിയാരം മെഡിക്കൽ കോളേജിൽ ഇന്ന് പോസ്റ്റുമോർട്ടം കഴിഞ്ഞാലേ മരണകാരണം അറിയാനാവൂ. മർദ്ദിച്ചു കൊന്നു എന്നത് വ്യാജ പ്രചാരണമാണ്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ആശുപത്രിക്ക് സമീപത്തെ മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്നുവാങ്ങുന്നതിനിടെ പെൺകുട്ടിയോട് സംസാരിച്ചതിന്റെ പേരിൽ റഫീഖിനെ മർദ്ദിച്ചെന്നും ഇതാണ് മരണകാരണമെന്നും ഒരുവിഭാഗം ആരോപിക്കുന്നു.