തലശേരി: തലശേരിയിൽ നടക്കുന്ന 25ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സംഘാടക സമിതിയായി. തിരുവനന്തപുരത്ത് മാത്രം നടന്നിരുന്ന ഐ.എഫ്.എഫ്.കെ കൊവിഡിനെ തുടർന്നാണ് തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിങ്ങനെ നാലുകേന്ദ്രങ്ങളിലായി നടത്തുന്നത്.
തിരുവനന്തപുരത്ത് ഫെബ്രുവരി 10ന് തുടങ്ങുന്ന ഫെസ്റ്റ്, ഫെബുവരി 23 മുതൽ 27 വരെയാണ് തലശേരിയിൽ നടക്കുന്നത്.
ടിക്കറ്റ് രജിസ്‌ട്രേഷൻ അടുത്ത ദിവസം ആരംഭിക്കും. ഓൺലൈനായി മാത്രമേ ടിക്കറ്റ് രജിസ്‌ട്രേഷൻ സാധ്യമാവൂ.
തലശേരിയിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ജമുനാ റാണി അധ്യക്ഷയായി. ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ ആമുഖ പ്രഭാഷണം നടത്തി. സബ് കളക്ടർ അനുകുമാരി, ജനറൽ കൗൺസിൽ അംഗം വി.കെ ജോസഫ്, സെക്രട്ടറി അജോയ് ചന്ദ്രൻ, ചലച്ചിത്ര നിർമ്മാതാവ് ലിബർട്ടി ബഷീർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ പത്മനാഭൻ, അക്കാഡമി ഡപ്യൂട്ടി ഡയരക്ടർ എച്ച്. ഷാജി എന്നിവർ സംസാരിച്ചു. അക്കാഡമി ജനറൽ കൗൺസിൽ അംഗം പ്രദീപ് ചൊക്ലി സ്വാഗതവും ജിത്തു കോളയാട് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ (ചെയർമാൻ), ജമുന റാണി (വൈസ് ചെയർപേഴ്സൺ), പ്രദീപ് ചൊക്ലി (ജനറൽ കൺവീനർ), ചെലവൂർ വേണു, എം.കെ. മനോഹരൻ (ജോയിന്റ് കൺവീനർ). വിവിധ സബ് കമ്മിറ്റികൾക്കും യോഗം രൂപം നൽകി.