കാസർകോട് : മലയോര ഹൈവേ നിർമ്മാണത്തിനുള്ള കുരുക്കുകൾ പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ രാജു കട്ടക്കയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വനഭൂമിയിലെ തടസ്സം പരിഹരിക്കാതെ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഹൈവേ നിർമാണം ഏകദേശം പൂർത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നാലു റീച്ചായിട്ടാണ് ജില്ലയിൽ നന്ദാരപ്പടവ് മുതൽ ചെറുപുഴവരെ 127.42 കിലോമീറ്റർ ഹൈവേ നിർമാണം. ഒന്നാംറീച്ച് നന്ദാരപ്പടവ് മുതൽ ചേവാർവരെ 23 കിലോമീറ്റർ 55 കോടി രൂപയുടെ പണിപൂർത്തിയായി. രണ്ടാംറീച്ചിനാണ് ഏറ്റവും ദൈർഘ്യം. ചേവാർമുതൽ എടപ്പരമ്പുവരെ 49.64 കിലോമീറ്റർ നിർമാണത്തിന് 77.04 കോടി രൂപയുടെ പദ്ധതിയാണ്. മൂന്നാംറീച്ച് എടപ്പറമ്പ് മുതൽ കോളിച്ചാൽവരെ 24.4 കിലോമീറ്റർ 85 കോടി രൂപയുടെ പ്രവൃത്തി നടക്കുകയാണ്‌. ഈ ഭാഗത്ത് 3.61 കിലോമീറ്റർ വനത്തിലൂടെയാണ്. അതിന് വനംവകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ല. നാലാംറീച്ചാണ് മരുതോംമല വഴി 30.88 കിലോമീറ്റർ ജില്ലാ അതിർത്തിയായ ചെറുപുഴ വരെ. 82 കോടി രൂപയുടെ പ്രവൃത്തി നടന്നുവരുന്നു. അതിൽ മരുതോംതട്ട്, ഈട്ടിത്തട്ട്, ചുള്ളിഭാഗത്തായി 2.78 കിലോമീറ്റർ വനംവകുപ്പിന്റെ അനുമതി ആവശ്യമുണ്ട്.

നിലവിലുള്ള വീതിയിൽ റോഡ് വികസനത്തിന് തടസ്സമില്ലെന്നതാണ് വനംവകുപ്പിന്റെ നിലപാട്. കൂടുതൽ സ്ഥലം നൽകണമെങ്കിൽ പകരം സ്ഥലം നൽകുകയും മുറിക്കുന്ന മരങ്ങൾക്കുപകരം വെച്ചുപിടിപ്പിക്കുമെന്നുള്ള ഉറപ്പും വേണം എന്നാണ് വനം അധികൃതരുടെ നിലപാടെന്ന് രാജു കട്ടക്കയം പറഞ്ഞു..