കണ്ണൂർ:കണ്ണൂർ നിയോജക മണ്ഡലത്തിലെ 51 ലൈബ്രറികൾ ജനസേവന കേന്ദ്രങ്ങളാകുന്നു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 40 ലക്ഷം രൂപ ചെലവഴിച്ചാണ് ലൈബ്രറികളെ ഹൈടെക്കാക്കി മാറ്റുന്നത്. ഇതിന്റെ ഭാഗമായി ലാപ്‌ടോപ്പ്, എൽ.സി.ഡി പ്രൊജക്ടർ, മൈക്ക് സെറ്റ് എന്നിവ ലൈബ്രറികൾക്ക് നൽകും. മുഴുവൻ ലൈബ്രറികളിലും കോഹ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് പുസ്തകവിതരണവും ഓൺലൈനാക്കി മാറ്റും. ജില്ലാ ലൈബ്രറിയിൽ വീഡിയോ കോൺഫറൻസ് സൗകര്യം ഉൾപ്പെടെയുള്ള നവീന പദ്ധതിയാണ് നടപ്പാക്കുന്നത്. കഴിഞ്ഞവർഷം ഉദ്ഘാടനം ചെയ്യേണ്ട പദ്ധതി കൊവിഡ് കാരണം നീണ്ടുപോകുകയായിരുന്നു.
കണ്ണൂർ മണ്ഡലത്തിൽ കൂടി ഉപകരണങ്ങൾ നൽകുന്നതോടെ ജില്ലയിലെ ഏഴ് മണ്ഡലങ്ങളിലെ എഴുനൂറോളം ലൈബ്രറികളും ഹൈടെക്കാകും. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് 27ന് ഉപകരണങ്ങൾ വിതരണം ചെയ്യുന്നുണ്ട്. പയ്യന്നൂർ, തളിപ്പറമ്പ്, കല്ല്യാശേരി, മട്ടന്നൂർ, തലശേരി എന്നിവിടങ്ങളിൽ നേരത്തെ തന്നെ ഉപകരണങ്ങൾ വിതരണം ചെയ്തിരുന്നു.
കണ്ണൂരിൽ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം 31ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിക്കും. പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 7ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. കോർപ്പറേഷനിലെ 40 ലൈബ്രറികൾക്കും മുണ്ടേരി പഞ്ചായത്തിലെ 11 ലൈബ്രറികൾക്കുമുള്ള ഉപകരണങ്ങളാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. പുതുതായി അഫലിയേഷൻ ലഭിച്ച ലൈബ്രറികൾക്ക് അടുത്തഘട്ടത്തിൽ ഉപകരണങ്ങൾ വിതരണം ചെയ്യും.
ജില്ലാ ലൈബ്രറിയിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പി.കെ.ബൈജു, എം. ബാലൻ, കെ. ഗോപി, കെ. പ്രകാശൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം. ബാലൻ (ചെയർമാൻ), എം.ഒ. പ്രസന്നൻ (വൈസ് ചെയർമാൻ), കെ. പ്രകാശൻ (കൺവീനർ), ഇ.കെ. സിറാജ് (ജോയിന്റ് കൺവീനർ).