കാഞ്ഞങ്ങാട്: നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയ രണ്ടു ലീഗ് കൗൺസിലർമാരോടും, അസാധുവാക്കിയ കൗൺസിലറോടും രാജി എഴുതി വാങ്ങിയെങ്കിലും, ഒരു മാസമെത്താറായിട്ടും രാജിക്കത്തിൽ തീരുമാനമാക്കാതെ നേതൃത്വം.
വോട്ടെടുപ്പു ദിവസം ഉച്ചയോടെ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വോട്ട് രേഖപ്പെടുത്തിയതിനെ അഭിനന്ദിച്ച് സന്ദേശങ്ങൾ വന്നിരുന്നു. ഔഫ് അബ്ദുൾ റഹ്മാനെ വധിച്ച ലീഗുകാരോടുള്ള പ്രതിഷേധമായാണ് കൗൺസിലർമാരായ ഹസിനാ റസാഖും അസ്മ മാങ്കുലും വോട്ട് രേഖപ്പെടുത്തിയതും മറ്റൊരു കൗൺസിലർ സിഎച്ച് സുബൈദ വോട്ട് അസാധുവാക്കിതെന്നായിരുന്നു സന്ദേശം. അന്നു രാത്രി തന്നെ ലീഗ് മുനിസിപ്പൽ നേതൃത്വം ഇവരിൽ നിന്നു രാജിക്കത്തുകൾ എഴുതി വാങ്ങി മേൽ കമ്മിറ്റിക്കു കൈമാറിയിരുന്നു. ഇതിനുശേഷം കൗൺസിലർമാർ ഉൾപ്പെടെയുള്ളവർക്ക് മണ്ഡലം കമ്മിറ്റി ആദരവ് നൽകിയതും ചർച്ചയായിരുന്നു. ഈ യോഗത്തിൽ ലീഗ് മുനിസിപ്പൽ പ്രസിഡന്റ് അഡ്വ. എൻ.എ ഖാലിദ് പങ്കെടുത്തതുമില്ല.
നഗരസഭയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെ തിരഞ്ഞെടുപ്പിലും ഇവർ പങ്കെടുത്തിരുന്നില്ല.
എൽ.ഡി.എഫ് ചെയർപേഴ്സൺ സ്ഥാനാർത്ഥിക്ക് വോട്ട് രേഖപ്പെടുത്താനിടയായത് അബദ്ധവശാൽ സംഭവിച്ചതെന്നാണ് മൂവരും നൽകിയ വിശദീകരണം. ഈ വിശദീകരണം മുനിസിപ്പൽ കമ്മിറ്റി മുഖവിലക്കെടുക്കാതിരുന്നപ്പോൾ മേൽ കമ്മിറ്റികൾ അതുൾക്കൊണ്ടു എന്നു വേണം കരുതാൻ.
ചെയർമാൻ തിരഞ്ഞെടുപ്പിൽ വോട്ടുമാറി ചെയ്തത് അബദ്ധവശാൽ സംഭവിച്ചതാകണമെന്ന് ലീഗ് ജില്ലാ സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി പറയുന്നു. എന്നാൽ വോട്ടുകൾ മാറി ചെയ്തത് ഗുരുതരമായ കുറ്റമായി കണ്ടാണ് മുനിസിപ്പൽ കമ്മിറ്റി മൂവരോടും രാജിക്കത്ത് എഴുതി വാങ്ങിയതെന്ന് കമ്മിറ്റി പ്രസിഡന്റ് അഡ്വ. എൻ.എ. ഖാലിദ് പറഞ്ഞു. അതിനിടെ ബല്ലാകടപ്പുറത്ത് കഴിഞ്ഞ ദിവസം രാത്രി ഈകൗൺസിലർമാർക്കെതിരെ നടപടി വൈകുന്നതിനെതിരേ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു.