ആലക്കോട്: നിയമസഭ തിരഞ്ഞെടുപ്പിൽ ഇക്കുറി ഇരിക്കൂറിലേക്കില്ലെന്ന് കെ.സി ജോസഫ് വ്യക്തമാക്കുമ്പോൾ പിൻഗാമിയാരെന്ന ചോദ്യം മണ്ഡലത്തിൽ ശക്തമായി കഴിഞ്ഞു. നാലു പതിറ്റാണ്ടായി ഇരിക്കൂറിന്റെ പ്രതിനിധിയായി നിയമസഭയിലുള്ള കെ.സി ജോസഫിനു പകരം മണ്ഡലത്തിൽ നിന്നുതന്നെ ഒരു സ്ഥാനാർത്ഥി വേണമെന്ന ആവശ്യം കോൺഗ്രസിലും യു.ഡി.എഫിലും ശക്തമാണ്. എ ഗ്രൂപ്പിനകത്ത് നടുവിൽ പഞ്ചായത്തിലെ കരുവൻചാൽ സ്വദേശികളായ രണ്ടു പേരുകൾ ചർച്ചയിലുണ്ട്. കെ.പി.സി.സി ജനറൽ സെക്രട്ടറി, കേരള കാർഷിക സർവ്വകലാശാല സെനറ്റ് മെമ്പർ, തളിപ്പറമ്പ് കോ- ഓപ്പറേറ്റീവ് അർബ്ബൻ ബാങ്ക് ചെയർമാൻ, ആലക്കോട് റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്ന അഡ്വ. സോണി സെബാസ്റ്റ്യൻ, യു.ഡി.എഫ് കണ്ണൂർ ജില്ലാ ചെയർമാനും മുൻ നടുവിൽ പഞ്ചായത്ത് പ്രസിഡന്റുമായ പി.ടി മാത്യു എന്നീ പേരുകളാണ് സജീവമായുള്ളത്.

ഇവരെ കൂടാതെ മറ്റു ചില പേരുകൾ ഉയരുന്നുണ്ടെങ്കിലും എ ഗ്രൂപ്പിന് അവകാശപ്പെട്ട സീറ്റായതിനാലും സാമുദായിക പരിഗണനയുടെ അടിസ്ഥാനത്തിലും ഇവരെ തന്നെ പരിഗണിക്കണമെന്നാണ് ആവശ്യം. കൂടാതെ ഇത്തവണത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മലയോരത്തെ മിക്ക പഞ്ചായത്തുകളിലും യു.ഡി.എഫിന് തിരിച്ചടി നേരിടേണ്ടിവ ന്നതും ഇവർ ചൂണ്ടിക്കാട്ടുന്നു.
പതിവിൽ നിന്ന് വ്യത്യസ്തമായി ഇരിക്കൂർ നിയോജക മണ്ഡലം തിരിച്ചുപിടിക്കുന്നതിന് ഇതിലും നല്ല ഒരു അവസരം ഇനി വരാനില്ല എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ആവേശം കൊള്ളിച്ചിട്ടുണ്ട്. ഇത്തവണ കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് സീറ്റു നൽകുന്നതിനുള്ള ചർച്ചകളും എൽ.ഡി.എഫിനകത്ത് നടന്നുകഴിഞ്ഞു.

ക്രൈസ്തവ സഭകളുടെയും കൂടി പിന്തുണ ഉറപ്പാക്കുവാൻ കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് സീറ്റുനൽകുന്നതിലൂടെ സാധിക്കുമെന്നുള്ള തിരിച്ചറിവും മുന്നണി ചർച്ചകളിൽ ഉയർന്നിട്ടുണ്ട്. ജോസ് വിഭാഗത്തിൽ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നവരിൽ സജി കുറ്റിയാനിമറ്റം, ജോയി കൊന്നയ്ക്കൽ എന്നിവരുടെ പേരുകളാണ് മൻപന്തിയിലുള്ളത്. യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ എന്നീ നിലകളിലുള്ള സജി കുറ്റിയാനിമറ്റവും നടുവിൽ പഞ്ചായത്തിലെ വെള്ളാട് സ്വദേശിയാണ്. പാർട്ടി സ്ഥാനാർത്ഥി മത്സരിക്കട്ടെയെന്ന് സി.പി.എം തീരുമാനിച്ചാൽ തളിപ്പറമ്പ് എം.എൽ.എ ജെയിംസ് മാത്യു, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എം ജോസഫ് എന്നിവരുടെ പേരുകളാണ് ഉയരുന്നത്.