ഇരിട്ടി: കോൺഗ്രസ് മുഴക്കുന്ന് മണ്ഡലം വൈസ് പ്രസിഡന്റ് എ.വി. രാമകൃഷ്ണന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം രാത്രി നടന്ന ബോംബാക്രമണത്തിൽ വ്യാപക പ്രതിഷേധം. കാക്കയങ്ങാട് കായപ്പനച്ചിയിൽ താമസിക്കുന്ന രാമകൃഷ്ണന്റെ വീടിന് നേരെയാണ് ബോംബാക്രമണമുണ്ടായത്. തില്ലങ്കേരി ജില്ലാ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ബൂത്ത് ഏജന്റായിരുന്ന രാമകൃഷ്ണന് നേരെ നിരവധി തവണ സി.പി.എം പ്രവർത്തകരിൽ നിന്ന് ഭീഷണിയുണ്ടായിരുന്നതായി കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

വീടിന് നേരെ ഉഗ്രശേഷിയുള്ള ബോംബേറാണുണ്ടായത്. രാമകൃഷ്ണൻ കാക്കയങ്ങാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹൻ, അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ തുടങ്ങിയ നിരവധി നേതാക്കൾ സന്ദർശിച്ചു. ബോംബ് സ്‌ഫോടനത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കയങ്ങാട് കായിപ്പനച്ചിയിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.