muhammad-rafeekh

കഴുത്തിലെ പാടുകൾ മരണകാരണമല്ല

കാസർകോട്: കാസർകോട് നഗരത്തിൽ യുവാവ് മരിച്ചത് ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ചെമ്മനാട് സ്വദേശിയും ദേളിയിൽ താമസക്കാരനുമായ മുഹമ്മദ് റഫീഖിന്റെ മരണം (48) ഹൃദയാഘാതം മൂലമാണെന്നാണ് പരിയാരം ഗവ. മെഡിക്കൽ കോളേജിൽ പൊലീസ് സർജൻ ഡോ. ഗോപാലകൃഷ്ണ പിള്ള നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. ഹൃദയ ധമനിയിൽ മൂന്ന് ബ്ലോക്കുകൾ ഉണ്ടായിരുന്നതായി ഡോക്ടർ കാസർകോട് ടൗൺ ഇൻസ്‌പെക്ടർ കെ. രാജേഷിന് മൊഴി നൽകി. വിശദമായ റിപ്പോർട്ട് പിന്നീട് കൈമാറും. റഫീഖിന്റെ കഴുത്തിന് പിടിച്ചതിന്റെ ചെറിയ പാടുകൾ ഉണ്ട്. ഇത് മരണ കാരണമല്ല. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ദേളിയിലെ വീട്ടിലെത്തിച്ചശേഷം ഖബറടക്കി.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കാസർകോട് കിംസ് - അരമന ആശുപത്രി പരിസരത്ത് വച്ചാണ് റഫീഖ് മരിച്ചത്. ശല്യം ചെയ്തുവെന്നാരോപിച്ച്‌ കുമ്പള സ്വദേശിയായ സ്ത്രീയും റഫീഖും തമ്മിൽ വഴക്കുണ്ടായിരുന്നു. സ്ത്രീ അടിച്ചതോടെ റഫീഖിനെ രക്ഷപ്പെടാൻ ഓടി. ആൾകൂട്ടം പിന്തുടർന്ന് പിടിച്ച്‌ കൊണ്ടുവന്നപ്പോഴേക്കും കുഴഞ്ഞുവീഴുകയായിരുന്നു.

കേസിലെ തുടർനടപടി നിയമോപദേശ പ്രകാരം തീരുമാനിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കാസർകോട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണൻ നായർ പറഞ്ഞു. അസ്വാഭാവിക മരണത്തിനും സ്ത്രീയുടെ പരാതിയിൽ മാനഭംഗത്തിനും കേസെടുത്തിരുന്നു.