play

കണ്ണൂർ:കളികളിലൂടെ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും കായികരംഗത്ത് കൂടുതൽ മികവ് കൈവരിക്കുന്നതിനുമായി സ്‌കൂളുകളിൽ പ്ലേ ഫോർ ഹെൽത്ത് പദ്ധതി. കുട്ടികളുടെ കായികവും മാനസികവുമായ വളർച്ചയ്ക്ക് പിന്തുണ നൽകി താൽപര്യമുള്ള കായിക വിനോദങ്ങൾ തിരഞ്ഞെടുക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കായിക വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. വിനോദത്തിലൂടെ കുട്ടികളിൽ ആരോഗ്യപൂർണമായ ജീവിത ശൈലി വളർത്തിയെടുക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പ്രൊഫഷണൽ രീതിയിൽ സ്‌കൂളുകളിൽ ഇൻഡോറിലും ഔട്ട്‌ഡോറിലും കായികോപകരണങ്ങൾ സജ്ജീകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഒഴിവു സമയങ്ങളിൽ എല്ലാ കുട്ടികൾക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് ഔട്ട്‌ഡോർ ഉപകരണങ്ങൾ ഒരുക്കുക. പി.ടി പിരീഡ് ഉപയോഗപ്പെടുത്തി ഇൻഡോർ ഉപകരണങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കും.

കുട്ടികളുടെ നട്ടെല്ലിനും പേശികൾക്കും ഉത്തേജനവും ആരോഗ്യവും പ്രദാനം ചെയ്യുന്ന സ്‌പൈറൽ ബംബി സ്ലൈഡർ, കൈകാലുകളുടെ ആരോഗ്യവും ചലന ശേഷിയും പരിപോഷിപ്പിക്കുന്ന ആർ ആൻഡ് എച്ച് പാർക്ക് എന്നീ ഉപകരണങ്ങളാണ് പുറമെ സ്ഥാപിച്ചിരിക്കുന്നത്.

ആദ്യഘട്ടം 25 സ്കൂളുകളിൽ

സിഡ്‌കോയുടെ സാങ്കേതിക സഹകരണത്തോടു കൂടി 25 സ്‌കൂളുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ ഗവൺമെന്റ് മിക്സഡ് യു.പി സ്‌കൂൾ തളാപ്പിനു പുറമെ, ഗവൺമെന്റ് എൽ.പി സ്‌കൂൾ കണ്ണവം, ഗവ. എൽ.പി സ്‌കൂൾ മുഴപ്പിലങ്ങാട് എന്നിവിടങ്ങളിലും പദ്ധതി ആരംഭിക്കും.


സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

പ്രൈമറി സ്‌കൂളുകളിൽ നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് വ്യവസായ കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജൻ നിർവ്വഹിക്കും. തളാപ്പ് ഗവൺമെന്റ് മിക്സഡ് യു.പി. സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനാവും. മേയർ അഡ്വ. ടി.ഒ. മോഹനൻ, കെ. സുധാകരൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എന്നിവർ പങ്കെടുക്കും.