കൂത്തുപറമ്പ്: ബ്രിട്ടീഷ് കാലത്തോളം പഴക്കമുള്ള കൂത്തുപറമ്പ് മുൻസിപ്പൽ സ്റ്റേഡിയം ദേശീയ നിലവാരത്തിലേക്ക്. നവീകരിച്ച കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ അദ്ധ്യക്ഷതയിൽ കായിക മന്ത്രി ഇ.പി ജയരാജൻ ഇന്ന് വൈകിട്ട് അഞ്ചിന് നിർവ്വഹിക്കും.
മികച്ച പവലിയനോടൊപ്പം ദേശീയ നിലവാരത്തിലുള്ള ഫുട്‌ബാൾ ഗ്രൗണ്ടാണ് കൂത്തുപറമ്പ് നഗരസഭ സ്റ്റേഡിയത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. മികച്ച നിലവാരത്തിലുള്ള കളിക്കളത്തിൽ ഫ്ളഡ് ലൈറ്റുകൾ,

അഞ്ചു നിരകളിലായി ഒരേ സമയം 1200 ഓളം പേർക്ക് ഇരിക്കാനുള്ള പവലിയൻ, കളിക്കാർക്കുള്ള ഡ്രസ്സിംഗ് റൂം, വിശ്രമമുറി, ഷോപ്പിംഗ് കോംപ്ലക്സ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. റോളർ സ്‌കേറ്റിംഗിനുള്ള സൗകര്യവും ഇവിടെ ഉണ്ട്.

സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി 85,000 സ്‌ക്വയർ മീറ്റർ സ്ഥലത്ത് പുല്ലു വെച്ച് പിടിപ്പിച്ചു. ഫിഫ നിലവാരത്തിലുള്ള ഫുട്‌ബാൾ ഗ്രൗണ്ടാണിവിടെ പൂർത്തീകരിച്ചിരിക്കുന്നത്. സംസ്ഥാന ദേശീയ മത്സരങ്ങൾക്ക് അനുയോജ്യമായ തരത്തിലാണ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 1979 മുതൽ നഗരസഭയുടെ നിയന്ത്രണത്തിലുള്ള സ്റ്റേഡിയത്തിന്റെ നവീകരണം ആരംഭിച്ചത് 2018ലായിരുന്നു.


കിഫ്ബിയിൽ നിന്നും 5.06 കോടി രൂപ ചെലവിട്ടാണ് സ്റ്റേഡിയം നവീകരിച്ചത്. നവീകരിച്ച സ്റ്റേഡിയം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ഒരു നാടിന്റെ ദീർഘകാലത്തെ കായിക സ്വപ്നങ്ങളാണ് പൂവണിയാൻ പോകുന്നത്.

കെ.വി. സുജാത,

നഗരസഭാ അദ്ധ്യക്ഷ