cpm

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി സി.പി.എം നേതൃത്വത്തിൽ നടത്തിയ ഗൃഹസന്ദർശനം അണികൾക്ക് ആവേശമായി. സി.പി.എം നേതാക്കളും പ്രവർത്തകരുമാണ്‌ ഗൃഹസന്ദർശനത്തിന്റെ ഭാഗമായി ജനങ്ങളുമായി സംവദിക്കാനായി വീടുകളിലെത്തിയത്‌. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗങ്ങളും ജില്ലാ സെക്രട്ടേറിയറ്റ്‌, ജില്ല കമ്മിറ്റിയംഗങ്ങളുമടക്കം ഗൃഹസന്ദർശനത്തിൽ പങ്കാളികളായി. 31 വരെയാണ്‌ ഗൃഹസന്ദർശനം നടത്തുക.

ജില്ലയിലെ എല്ലാവീടുകളിലും പരിപാടിയുടെ ഭാഗമായി പ്രവർത്തകരെത്തും.‌ ഇന്നലെ ജില്ലയിലെങ്ങും സ്‌ക്വാഡുകളായി പ്രവർത്തകർ വീടുകൾ സന്ദർശിച്ചു. സർക്കാരിന്റെ പദ്ധതികൾ, ജനക്ഷേമപ്രവർത്തനങ്ങൾ, വികസനമുന്നേറ്റങ്ങൾ എന്നിവയാണ്‌ പ്രധാനമായും ചർച്ചയായത്‌.

വിവിധ പദ്ധതികളുടെ നടത്തിപ്പിൽ വരുന്ന പ്രശ്‌നങ്ങളും പേരായ്‌മകളും ഗൃഹസന്ദർശനത്തിൽ ചർച്ചയായി. കൊവിഡ്‌ കാലത്തെ സർക്കാർ കരുതൽ എല്ലാവീടുകളിലും ചർച്ചാ വിഷയമായി. റോഡുകൾ, പാലങ്ങൾ തുടങ്ങി പ്രാദേശികമായ വികസന പദ്ധതികളും ചർച്ചയായി. റോഡ്‌ ടാറിംഗ് പോലുള്ള പ്രാദേശികമായ ആവശ്യങ്ങളും പലയിടത്തും നേതാക്കളെ ജനങ്ങൾ അറിയിച്ചു.

സി.പി.എം കേന്ദ്രകമ്മിറ്റിയംഗങ്ങളായ പി.കെ ശ്രീമതി ചെറുതാഴത്തും എം.വി ഗോവിന്ദൻ മൊറാഴയിലുമാണ്‌ ഗൃഹസന്ദർശനത്തിൽ പങ്കെടുത്തത്‌. കഥാകൃത്ത്‌ ടി. പത്മനാഭന്റെ പള്ളിക്കുന്നിലെ വീട്ടിൽ സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്റെ നേതൃത്വത്തിലാണ്‌ ഗൃഹസന്ദർശനത്തിനെത്തിയത്‌.

സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.പി സഹദേവൻ കണ്ണൂരിലും പി.ജയരാജൻ അഴീക്കോടും ജെയിംസ്‌ മാത്യു തളിപ്പറമ്പിലും ടി.വി രാജേഷ്‌ കല്യാശേരിയിലും ഡോ. വി. ശിവദാസൻ പേരാവൂരും എ.എൻ ഷംസീർ തലശേരിയിലും ഗൃഹസന്ദർശനത്തിന്‌ നേതൃത്വം നൽകി. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ വൽസൻ പനോളി പേരാവൂരിലും എം. സുരേന്ദ്രൻ കൂത്തുപറമ്പിലും എൻ. ചന്ദ്രൻ കണ്ണൂരിലും ടി.ഐ മധുസൂദനൻ പയ്യന്നൂരിലും ടി.കെ ഗോവിന്ദൻ തളിപ്പറമ്പിലും പി. ഹരീന്ദ്രൻ പേരാവൂരിലും പി. പുരുഷോത്തമൻ മട്ടന്നൂരിലും എം. പ്രകാശൻ അഴീക്കോട്ടും നേതൃത്വം നൽകി.