aana
ജനവാസ മേഖലയിലെത്തിയ കാട്ടാനകൾ തെങ്ങുകൾ നശിപ്പിച്ച നിലയിൽ

പേരാവൂർ: ജനവാസ മേഖലയിൽ കാട്ടാന ശല്യം തുടർക്കഥയാകുമ്പോൾ പരിഹാരം കാണാൻ കഴിയാതെ വലയുകയാണ് പാലപ്പുഴയിലെയും പെരുമ്പുന്നയിലെയും ജനങ്ങൾ. പാലപ്പുഴ കൂടാലാട്ടെ കാഞ്ഞാംവീട് പൂവാടൻ ബാബുവിന്റെ കൃഷിയിടത്തിൽ നിന്ന് മാത്രം ഒരു വർഷത്തിനിടെ അമ്പതോളം തെങ്ങുകളാണ് കാട്ടാനകൾ നശിപ്പിച്ചത്.

ശനിയാഴ്ച രാത്രി 11 മണിയോടെ പെരുമ്പുന്നയിൽ എത്തിയ കാട്ടാനകൾ വൻകൃഷിനാശമാണ് വരുത്തിയത്.
കഴിഞ്ഞ ഒരു മാസത്തിനിടയിൽ മിക്കവാറും ദിവസങ്ങളിൽ കാട്ടാന എത്തുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ആറളം ഫാമിലെ കൃഷിയിടത്തിൽ തമ്പടിച്ചിരിക്കുന്ന ആനകൾ പാലപ്പുഴ പുഴ കടന്നാണ് ജനവാസ മേഖലയിലേക്കെത്തുന്നത്. ചില ദിവസങ്ങളിൽ രാത്രിയിൽ എട്ടു മണിയോടെ എത്തുന്ന ആനക്കൂട്ടം പുലർച്ചെയോടെ മാത്രമാണ് തിരികെ പോകുന്നത്. പകലന്തിയോളം പണിയെടുത്ത് വളർത്തി വലുതാക്കിയ തെങ്ങുകളുൾപ്പെടെയുള്ള കാർഷിക വിളകൾ നശിപ്പിക്കാനെത്തുന്ന ആനകളെ തുരത്താനായി രാത്രി കാലങ്ങളിൽ ഉറക്കമിളച്ച് കാവലിരിക്കുകയാണ് പലരും.