covid

കണ്ണൂർ: ജില്ലയിൽ ഞായറാഴ്ച 362 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 333 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ആറു പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും ഒൻപതു പേർ വിദേശത്തു നിന്നെത്തിയവരും 14 പേർ ആരോഗ്യ പ്രവർത്തകരുമാണ്.
ഇതോടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 45,493 ആയി. ഇവരിൽ 333 പേർ ഞായറാഴ്ച രോഗമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ എണ്ണം 41,652 ആയി. ബാക്കി 2940 പേർ ചികിത്സയിലാണ്. നിലവിൽ നിരീക്ഷണത്തിലുള്ളത് 12,950 പേരാണ്. ഇതിൽ 12,447 പേർ വീടുകളിലും 503 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.


കുത്തിവെപ്പ് ഇന്ന് 14 കേന്ദ്രങ്ങളിൽ

കൊവിഡ് 19 പ്രതിരോധ കുത്തിവെപ്പ് ഇന്ന് 14 കേന്ദ്രങ്ങളിൽ നടക്കും. ഗവ.മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, തലശ്ശേരി ജനറൽ ആശുപത്രി, മലബാർ ക്യാൻസർ സെന്റർ, ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ്, പഴയങ്ങാടി, പയ്യന്നൂർ താലൂക്ക് ആശുപത്രികൾ, പിണറായി സാമൂഹിക ആരോഗ്യ കേന്ദ്രം, ഇരിക്കൂർ സാമൂഹിക ആരോഗ്യ കേന്ദ്രം, സെന്റ് മാർട്ടിൻ ഡി പോറസ് ആശുപത്രി, ആസ്റ്റർ മിംസ് ആശുപത്രി എന്നിവിടങ്ങളിലാണ് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ പ്രതിരോധ കുത്തിവെപ്പ് നടക്കുക.