തൃക്കരിപ്പൂർ: ഫ്രാൻസിലെ ഓഡാക്സ് ക്ലബ് പാരിസിൻ എന്ന അന്തർദേശീയ സൈക്ലിംഗ് ബോഡി കൃത്യമായ നിബന്ധനകളോടെ സംഘടിപ്പിച്ച റോഡ് സൈക്ലിംഗിൽ റിട്ട.നാവിക ഉദ്യോഗസ്ഥന്റെ 'സൂപ്പർ റോഡണർ' നേട്ടം കാസർകോട് ജില്ലയ്ക്കഭിമാനമായി. പള്ളിക്കര പാക്കം സ്വദേശി വി.എൻ. ശ്രീകാന്താണ് മാനസിക-കായികശേഷികളുടെ മാറ്റുരക്കുന്ന അപൂർവ നേട്ടം കൈവരിച്ചത്. രാജ്യത്ത് ഓഡാക്സ് ഇന്ത്യ റോഡണഴ്സ് ആണ് മത്സരം നടത്തുന്ന ഏജൻസി.
39.40 മണിക്കൂർ കൊണ്ട് 600 കിലോമീറ്റർ താണ്ടിയാണ് ശ്രീകാന്ത് 'സൂപ്പർ റോഡണർ' നേട്ടം കൈവരിച്ചത്. പതിമൂന്നര മണിക്കൂറിൽ 200 കിലോമീറ്റർ, 20 മണിക്കൂറിൽ 300 കിലോമീറ്റർ, 27 മണിക്കൂറിൽ 400 കിലോമീറ്റർ, 40 മണിക്കൂറിൽ 600 കിലോമീറ്റർ എന്നിങ്ങനെയുള്ള 'ബ്രെവേ'കളായാണ് മത്സരം സംഘടിപ്പിക്കുന്നത്. നവമ്പറിൽ തുടങ്ങി ഒക്ടോബറിൽ അവസാനിക്കുന്ന സൈക്ലിംഗ് വർഷത്തിൽ നാല് ബ്രെവേകൾ പൂർത്തിയാക്കുന്നവർക്കാണ് 'സൂപ്പർ റോഡണർ' പദവി ലഭിക്കുന്നത്.
'സൂപ്പർ റോഡണർ' ആയതോടെ ഇന്ത്യയിലും വിദേശങ്ങളിലും നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കുമെന്ന് 39 കാരനായ ശ്രീകാന്ത് പറഞ്ഞു. സൈക്കിൾ പഞ്ചറായാൽ അതൊട്ടിക്കലും ട്യൂബ് മാറ്റണമെങ്കിൽ അതും എല്ലാം പങ്കെടുക്കുന്ന വ്യക്തി സ്വയം ചെയ്യണം. സൈക്കിളോട്ടത്തിൽ പങ്കെടുക്കുന്നവരൊഴികെ മറ്റാരുടേയും സഹായം കൈക്കൊള്ളരുത് എന്നാണ് നിബന്ധന. കാസർകോട് പെഡലേഴ്‌സ് എക്സിക്യൂട്ടീവ് അംഗമായ ശ്രീകാന്ത് 2010 മുതൽ സൈക്ലിംഗിൽ സജീവമാണ്. നാവികസേനയിൽ നിന്ന് വിരമിച്ച ശേഷം പെരിയയിൽ സെലോടേപ്പ് എന്ന സ്ഥാപനം നടത്തുന്നു. ഗുരുവായൂർ ശ്രീകൃഷ്‌ണ കോളജിൽ അസി.പ്രൊഫസറായ ഡോ.ഗായത്രിയാണ് ഭാര്യ. മക്കൾ: സാത്വികി, ഗൗരിത.