pattuvam


കൊവിഡ് മൂലം നിലവിലുള്ള സാഹചര്യത്തിൽ പൊതുപിരിവ് നടത്താനോ കളിയാട്ട ചെലവിലേക്കുള്ള പണം സ്വരൂപിക്കാനോ സാധിക്കാത്ത സാഹചര്യത്തിൽ കഴിഞ്ഞ കളിയാട്ടത്തിന് നിശ്ചയിച്ച കോള് കുറക്കണമെന്ന അഭ്യർത്ഥനയിൽ പരിഹാരമില്ലാതായതോടെയാണ് കളിയാട്ടം ഉപേക്ഷിക്കുന്നതെന്ന് ക്ഷേത്രക്കമ്മിറ്റി അറിയിച്ചു. ഈ ക്ഷേത്രത്തിൽ തെയ്യം കെട്ടാൻ അവകാശമുള്ള ജന്മാരി തങ്ങളുടെ അഭ്യർത്ഥനയ്ക്ക് വഴങ്ങിയില്ലെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. വിഷയത്തിൽ പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് കളിയാട്ടം വേണ്ടെന്ന് വെക്കുന്നതെന്ന് ക്ഷേത്രകമ്മിറ്റി സെക്രട്ടറി സുധാകരൻ പറഞ്ഞു.പട്ടുവം: ഏഴോം പഞ്ചായത്തിലെ കോട്ടക്കീൽ കക്കരക്കാവ് ഭഗവതി ക്ഷേത്രത്തിൽ 29ന് നടത്താൻ നിശ്ചയിച്ച കല്പന കളിയാട്ടം കോലക്കാർക്കുള്ള കോളിനെ ചൊല്ലിയുള്ള തകർത്തെ തുടർന്ന് വേണ്ടെന്നുവച്ചു. അന്നേദിവസം ക്ഷേത്രത്തിൽ ചില ചടങ്ങുകൾ മാത്രം നടത്താനാണ് തീരുമാനം.

കോള് ,​ജന്മാരി,​ ചെറുജന്മാവകാശം....

തെയ്യം കെട്ടിയാടാൻ അവകാശമുള്ളവർക്ക് നിശ്ചയിച്ച വേതനമാണ് കോള് . കളിയാട്ടചടങ്ങിൽ അവസാനത്തെ തെയ്യവും തിരുമുടി താഴ്ത്തിയ ശേഷം വിളക്കിരിയൽ ചടങ്ങിന് മുമ്പ് ഈ തുക ക്ഷേത്രേശൻ ആ പ്രദേശത്ത് തെയ്യം കെട്ടിയാടാൻ അവകാശമുള്ള സംഘത്തിലെ പ്രധാനിക്ക് നൽകും. തുകയ്ക്ക് പുറമെ നിശ്ചിത അളവിൽ എണ്ണ,​അരി,​ നെല്ല് എന്നിവയും നൽകാറുണ്ട്.നിശ്ചിത സ്ഥലപരിധി നിശ്ചയിച്ചാണ് തെയ്യം കെട്ടിയാടാനുള്ള അവകാശം കുടുംബങ്ങൾക്ക് വിധിച്ചിട്ടുള്ളത്. ചെറുജന്മാവകാശം എന്നാണ് ഇതിന്റെ പേര്. ചെറുജന്മാവകാശത്തിന് പുറത്ത് നിന്ന് തെയ്യം കെട്ടുന്നവരെ കൊണ്ടുവരാൻ അവകാശം ജന്മാരിക്ക് മാത്രമെയുള്ളു. ഇതുപ്രകാരം തന്നെയാണ് കളിയാട്ടങ്ങളിലും പെരുങ്കളിയാട്ടങ്ങളിലും ജന്മാരിയും ജന്മാരിയുടെ കുടുംബത്തിൽ പെട്ടവരുമായ തെയ്യക്കാരെ നിശ്ചയിക്കുന്നത്. കളരിയടക്കമുള്ള അഭ്യാസമുറ വേണ്ടുന്ന ചില തെയ്യങ്ങളെ കെട്ടിയാടാൻ കുടുംബത്തിൽ ആളില്ലാതെ വരുമ്പോൾ ജന്മാരി പുറത്തുനിന്നുള്ള തെയ്യക്കാരെ കൂലി നിശ്ചയിച്ച് കൊണ്ടുവരും.ഇദ്ദേഹത്തിനുള്ള വേതനം ജന്മാരിയാണ് കൈമാറേണ്ടത്.

ക്ഷേത്രത്തിൽ കെട്ടിയാടേണ്ട എല്ലാ കോലങ്ങളും കെട്ടിയാടാൻ കുടുംബത്തിൽ ആളില്ല. ചെറുജന്മാവകാശപരിധിയ്ക്ക് പുറത്തുള്ള കോലക്കാരെ കൊണ്ടുവരേണ്ടതുണ്ട്.ഇതിന് വലിയ പണം കൊടുക്കണം. ഈ തുകയുടെ കാര്യത്തിൽ തീരുമാനമില്ലാതെ തങ്ങൾക്ക് വലിയ നഷ്ടം വരും . ക്ഷേത്രകമ്മിറ്റി തരുന്ന കോളിൽ ഇത്തരം തെയ്യക്കാരെ കിട്ടില്ല. ജന്മാരി നഷ്ടം സഹിച്ചു തെയ്യം കെട്ടേണ്ട കാര്യമില്ല-

കുഞ്ഞിരാമൻ പെരുവണ്ണാൻ (കക്കരക്കാവ് ഭഗവതിക്ഷേത്രം ജന്മാരി)​