mv-jayarajan

പരിയാരം: കൊവിഡ് ചികിത്സയ്ക്കിടെ കടുത്ത ന്യുമോണിയ ബാധിച്ച് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യുവിൽ കഴിയുന്ന സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ ആരോഗ്യസ്ഥിതിയിൽ മാറ്റമില്ല. പ്രമേഹവും രക്തസമ്മർദ്ദവുമുണ്ട്. രക്തത്തിൽ ഓക്‌സിജന്റെ അളവ് കുറഞ്ഞെങ്കിലും സിപാപ്പ് വെന്റിലേറ്ററിന്റെ സഹായത്തോടെ സാധാരണനിലയിലേക്ക് ക്രമീകരിച്ചിട്ടുണ്ട്. മരുന്നുകളോട് പ്രതികരിക്കുന്നില്ല.

കഴിഞ്ഞ വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എ.കെ.ജി. സഹകരണ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് വെള്ളിയാഴ്ചയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഞായറാഴ്ചയാണ് രോഗനില ഗുരുതരമായത്.

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ നിർദ്ദേശപ്രകാരം കോഴിക്കോട് നിന്നുള്ള ക്രിട്ടിക്കൽ കെയർ വിദഗ്ദരായ ഡോ. എ.എസ്.അനൂപ് കുമാർ, ഡോ പി.ജി. രാജു എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ഇന്നലെ രാവിലെ അദ്ദേഹത്തെ പരിശോധിച്ച് റിപ്പോർട്ട് നൽകി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ക്രിട്ടിക്കൽ കെയർ വിദഗ്ദ്ധരായ ഡോ.എസ്.എസ്. സന്തോഷ് കുമാർ, ഡോ. അനിൽ സത്യദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘവും അദ്ദേഹത്തെ പരിശോധിച്ചു. പ്രിൻസിപ്പൽ ഡോ.കെ.എം. കുര്യാക്കോസ് ചെയർമാനും മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. സുദീപ് കൺവീനറും വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരും അടങ്ങിയ പ്രത്യേക സംഘമാണ് ചികിത്സിക്കുന്നത്.