ചെറുവത്തൂർ: സാധാരണ ജനവിഭാഗത്തിന് മെച്ചപ്പെട്ട ആരോഗ്യ സേവനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തിമിരി സർവ്വീസ് സഹകരണ ബാങ്ക് തുടങ്ങുന്ന സഹകരണ ഹെൽത്ത് കെയർ പോളിക്ലിനിക്ക് ആൻഡ് ലാബ് റിപ്പബ്ലിക്ക് ദിനമായ ഇന്ന് പ്രവർത്തനം ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാവിലെ ഒമ്പതിന് കയ്യൂർ റോഡ് ജംഗ്‌ഷനിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്രയ്ക്കു ശേഷമാണ് ഉദ്ഘാടനച്ചടങ്ങ്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ഘോഷയാത്രയിൽ ബാങ്ക് ജീവനക്കാരും ഭരണസമിതി അംഗങ്ങളും സഹകാരികളും പങ്കെടുക്കും. സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം, രോഗനിർണ്ണയം നടത്തുന്നതിനാവശ്യമായ പരിശോധനാ സംവിധാനങ്ങൾ, വിലക്കുറവിൽ മരുന്നുകൾ ലഭ്യമാക്കുന്ന നീതി, ജൻ ഔഷധി മെഡിക്കൽ ഷോപ്പുകൾ, ആധുനിക സംവിധാനങ്ങളോടെ പ്രവർത്തിക്കുന്ന മെഡിക്കൽ ലബോറട്ടറി, 24 മണിക്കൂർ ആംബുലൻസ് സർവ്വീസ് എന്നീ സേവനങ്ങൾ പോളി ക്ലിനിക്കിൽ ലഭിക്കും.

സൂപ്പർ ഗ്രേഡ് തസ്തിക കൈവരിച്ച തിമിരി സഹകരണ ബാങ്ക് നിരവധി രംഗങ്ങളിൽ തനതായ സേവനം നടത്തിവരികയാണ്. ആധുനിക ബാങ്കിംഗ് സംവിധാനം നടപ്പിലാക്കുകയും കാർഷിക രംഗങ്ങളിൽ വലിയ ഇടപെടൽ നടത്തുകയും ചെയ്തതായും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് വി. രാഘവൻ, വൈസ് പ്രസിഡന്റ് കെ. ദാമോദരൻ, അസിസ്റ്റന്റ് സെക്രട്ടറി പി.പി. ചന്ദ്രൻ, ഹെൽത്ത് കെയർ അഡിമിനിസ്ട്രേറ്റിവ് ഓഫീസർ സന്ധ്യ ദയാനന്ദൻ, ബാങ്ക് ഹെഡ് ഓഫീസ് മാനേജർ വി.വി തമ്പാൻ, വലിയപൊയിൽ ബ്രാഞ്ച് മാനേജർ ടി. ബാബു, പി.ആർ.ഒ എം. അനിൽകുമാർ എന്നിവർ സംബന്ധിച്ചു.