കാഞ്ഞങ്ങാട്: കല്ല്യാണത്തലേന്നും കല്യാണ ദിവസവും മണവാട്ടിയും മണവാളനും ഉപയോഗിച്ച് പുതുമണം മാറാത്ത വസ്ത്രങ്ങൾ ഇനി അലമാരയിൽ സൂക്ഷിച്ചുവയ്ക്കേണ്ട. അതുശേഖരിച്ച് സാമ്പത്തികശേഷി കുറഞ്ഞവരുടെ കല്ല്യാണാവശ്യങ്ങൾക്കെത്തിക്കാനായി അതിഞ്ഞാലിലെ ഗ്രീൻസ്റ്റാർ ക്ലബ്ബ് മുന്നിട്ടിറങ്ങുന്നു.
വൻ നഗരങ്ങളിൽ കല്ല്യാണ ദിവസം മണവാളനും മണവാട്ടിക്കും ഉപയോഗിക്കാൻ വില കൂടിയ സൂട്ടും കോട്ടും ഉൾപ്പെടെ വാടകയ്ക്ക് ലഭ്യമാവുന്ന സംവിധാനമുണ്ട്. എന്നാൽ ചെറു നഗരങ്ങളിലും നാടൻ ഉൾപ്രദേശങ്ങളിലും ഇത്തരം സംവിധാനങ്ങൾ നിലവിലില്ല. കല്ല്യാണ വസ്ത്രങ്ങൾ ശേഖരിച്ച് സാധാരണക്കാരിലെത്തിക്കാനുള്ള നൂതനപദ്ധതി ഗ്രീൻസ്റ്റാർ അതിഞ്ഞാൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ കഴിഞ്ഞദിവസം അറിയിച്ചപ്പോൾ വലിയ തോതിലുള്ള പ്രതികരണമാണുണ്ടായത്. പല കല്ല്യാണവീടുകളിൽ നിന്നും ഒറ്റത്തവണ ഉപയോഗിച്ച വസ്ത്രങ്ങൾ നൽകാനുള്ള സന്നദ്ധത അറിയിച്ചിട്ടുമുണ്ട്.
അതിഞ്ഞാലിൽ ഞായറാഴ്ച നടന്ന പി.എം.ഫൈസലിന്റെയും താഹിറയുടെയും മകൾ ജെബിൻ സുൽത്താനയും കാസർകോട് വിദ്യാനഗറിലെ കെ.എച്ച്.ഹസൈനാറിന്റെയും റംലയുടെയും മകൾ ഇർഫാനും വിവാഹിതരായ വേദിയിൽ വച്ച് കല്യാണ വസ്ത്രങ്ങൾ ഗ്രീൻ സ്റ്റാർ ക്ലബ്ബ് പ്രവർത്തകർക്ക് കൈമാറഉകയും ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ഖാലിദ് അറബിക്കാടത്ത്, വധുവിന്റെ പിതാവ് പി.എം.ഫൈസൽ, ട്രഷറർ നൗഫൽ പാലക്കി, ഗ്രാമപഞ്ചായത്ത് മുൻ അംഗം ഹമീദ് ചേരക്കാടത്ത്, പി.എം.കുഞ്ഞബ്ദുള്ള ഹാജി, മൊയ്തീൻകുഞ്ഞി മട്ടൻ, പി.എം.എ.അസീസ്, കെ.കെ. ഫസൽ റഹ്മാൻ, പി.എം.ഫാറൂഖ്, ഇ.കെ.മൊയ്തീൻകുഞ്ഞി, പി. അബ്ദുല്ല, റഷീദ് പാലാട്ട് എന്നിവർ സംസാരിച്ചു.
വിവാഹ വസ്ത്രങ്ങൾ നൽകാൻ സന്നദ്ധതയുള്ളവർക്കും ആവശ്യക്കാർക്കും 9656124202, 9895088899 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞദിവസം കല്യാണവീട്ടിൽ നിന്നും കല്യാണ വസ്ത്രങ്ങൾ ക്ലബ്ബ് പ്രവർത്തകർ ഏറ്റുവാങ്ങുന്നു