praveen-kumar
പ്രവീൺകുമാർസിംഹ

കണ്ണൂർ: പള്ളിക്കുന്ന് സ്വദേശിനിയുടെ അക്കൗണ്ടിൽ നിന്നും ഒമ്പത് ലക്ഷം രൂപ കവർന്ന യു.പി സ്വദേശിയെ കണ്ണൂർ ടൗൺ പൊലീസ് പിടികൂടി. യു.പി മിർസാപൂർ സ്വദേശിയായ പ്രവീൺകുമാർസിംഹയെ(30) അവിടെ എത്തിയാണ് പൊലീസുകാർ പൊക്കിയത്.

ഓൺലൈനിൽ സാധനങ്ങൾ വാങ്ങാൻവേണ്ടിയാണ് പണം തട്ടിയതെന്നും ഇനിയും സംഘത്തിലെ രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് പറഞ്ഞു. എസ്.ബി.ഐ മാനേജരാണ് എന്ന് പരിചയപ്പെടുത്തിയാണ് പ്രവീൺ കുമാർ പള്ളിക്കുന്ന് സ്വദേശിനിയെ വിളിച്ചത്. തുടർന്ന് ഒ.ടി.പി നമ്പർ ആവശ്യപ്പെടുകയായിരുന്നു. ആരും വിശ്വസിക്കുന്ന തരത്തിൽ സംസാരിച്ചതിനാൽ ഒ.ടി.പി നൽകുകയായിരുന്നു. തുടർന്നാണ് ഇവരുടെ അക്കൗണ്ടിൽ നിന്നും ഒമ്പതു ലക്ഷം രൂപ പ്രതികൾ കവർന്നത്.

പരാതി ലഭിച്ചയുടൻ പൊലീസ് സൈബർ സെല്ല് വഴി അന്വേഷണം തുടങ്ങിയിരുന്നു. അങ്ങനെ പ്രതികളിലേക്കെത്തുന്ന ലിങ്ക് ലഭിച്ചത് നിർണായകമായി. അവസാനം അഡ്രസും കണ്ടുപിടിക്കാനായതോടെ മിർസാപൂരിൽ എത്തി പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നുവെന്ന് സി .ഐ പ്രദീപൻ കണ്ണിപ്പൊയിൽ പറഞ്ഞു. കണ്ണൂർ എ.സി.പി പി.പി .സദാനന്ദന്റെ നിർദ്ദേശപ്രകാരം സി. ഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

കഥ തുടരുന്നു

സമാനമായ ഒരു കേസ് കൂടി കഴിഞ്ഞ ദിവസം കണ്ണൂരിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാട്രിമോണിയൽ സൈറ്റിൽ നിന്നും പെൺകുട്ടിയുടെ നമ്പർ സംഘടിപ്പിച്ച് വിളിച്ചതിന് ശേഷം 60,000 രൂപ തട്ടിയ കേസ് കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും കണ്ണൂർ എ.സി.പി പി. പി .സദാനന്ദൻ പറഞ്ഞു.