തലശ്ശേരി: ബലക്ഷയവും, വിള്ളലും അപകടാവസ്ഥയിലാക്കിയ കുയ്യാലി പാലം അടിയന്തിരമായി ബലപ്പെടുത്തുമെന്ന് അഡ്വ: എ.എൻ.ഷംസീർ എം.എൽ.എ വ്യക്തമാക്കി. പാലത്തിന്റെ ദുരവസ്ഥ സംബന്ധിച്ച് കഴിഞ്ഞദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർമാർക്കൊപ്പം പാലം സന്ദർശിച്ചതിനു ശേഷമാണ് എം.എൽ.എ പ്രതികരിച്ചത്. ഇവിടെ റെയിൽവേ ഓവർ ബ്രിഡ്ജ് നിർമ്മിക്കാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ടെന്നും, സർക്കാറിന് സമർപ്പിച്ച എസ്റ്റിമേറ്റിന് അനുമതി ലഭിച്ചാലുടൻ മണ്ണ് പരിശോധനയും സർവേയും തുടങ്ങുമെന്നും എം.എൽ.എ പറഞ്ഞു. എൻജിനീയർമാരായ പി. കമലാക്ഷൻ, ഡി. ബിന്ദ്യ എന്നിവരും സി.പി.എം. നേതാക്കളായ എ.സി. മനോജ്, ടി.പി. മനോജ്, ടി.കെ. പ്രേമൻ എന്നിവരും എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു.

റെയിൽവെ ഗേറ്റ് അടച്ചു കഴിഞ്ഞാൽ ഭാരവാഹനങ്ങളടക്കം നിരവധി വാഹനങ്ങൾ ഈ പഴക്കം ചെന്ന പാലത്തിൽ കുരുങ്ങിക്കിടക്കുക പതിവാണ്. അരനൂറ്റാണ്ട് പഴക്കമുള്ള പാലത്തിന്റെ കൈവരികൾ തകരുകയും, ബീമുകളുടെ കോൺക്രീറ്റ് ചീളുകൾ അടർന്നുവീണ് കമ്പികൾ പുറത്താകുകയും ചെയ്തിട്ടുണ്ട്. താലൂക്ക് വികസന സമിതിയുടെ ആവശ്യപ്രകാരം പുതിയ പാലം പരിഗണിക്കുമെന്ന് കഴിഞ്ഞ സർക്കാർ വാഗ്ദാനം നൽകിയിയെങ്കിലും തുടർനടപടികളുണ്ടായില്ല.