road
ബീരിച്ചേരി റെയിൽവെ ക്രോസിംഗ്

തൃക്കരിപ്പൂർ: മേഖലയിലെ മൂന്ന് ഓവർബ്രിഡ്ജുകൾ പ്രഖ്യാപിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും, മറ്റ് നടപടികൾ ആരംഭിക്കാത്തതിനാൽ ഗതാഗത തടസത്താൽ ദുരിതമനുഭവിക്കുന്ന തൃക്കരിപ്പൂർ നിവാസികളുടെ റെയിൽവെ ഓവർബ്രിഡ്ജെന്ന സ്വപ്നം സഫലമാകാതെ കിടക്കുന്നു.

തൃക്കരിപ്പൂർ ടൗണുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ബീരിച്ചേരി, വെള്ളാപ്പ്, ഉദിനൂർ ഓവർബ്രിഡ്ജുകളാണ് പ്രഖ്യാപനത്തിലൊതുങ്ങിയത്. സംസ്ഥാനത്തെ പത്ത് ഓവർബ്രിഡ്ജുകളുടെ പ്രവർത്തി കഴിഞ്ഞ ദിവസം ആരംഭിച്ചപ്പോൾ, കാസർകോട് ജില്ലയിലെ ഒരു പദ്ധതി പോലും ഇടം പിടിക്കാത്തതിൽ നാട്ടുകാരിൽ നിരാശയുണ്ടാക്കുന്നു.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്ത് നിർമ്മിക്കുന്ന 36 ഓവർബ്രിഡ്ജുകളിൽ ഉൾപ്പെട്ടതാണ് ബീരിച്ചേരിയിലേത്. തൃക്കരിപ്പൂർ - പയ്യന്നൂർ പ്രധാന റോഡിൽ ബീരിച്ചേരിയിൽ ഓവർബ്രിഡ്ജ് വേണമെന്ന നിരന്തരമായ ആവശ്യം ഉയർന്നപ്പോൾ 2015-ൽ റെയിൽവെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയെങ്കിലും പ്രവൃത്തി പോലും ആരംഭിക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. അതിനുപിന്നാലെ അടുത്ത വർഷം തന്നെ തൃക്കരിപ്പൂരിന്റെ മുഖഛായ തന്നെ മാറുമെന്ന തലത്തിൽ വെള്ളാപ്പ് ജംഗ്ഷൻ, ഉദിനൂർ, രാമവില്യം എന്നിവിടങ്ങളിലും ഓവർബ്രിഡ്ജ് അനുവദിച്ചിരുന്നു. എന്നാൽ ഇവിടങ്ങളിലൊന്നും പ്രവർത്തി ഒരിഞ്ചുപോലും മുന്നോട്ടു പോയില്ല.

ബീരിച്ചേരിയിൽ ഡി.പി.ആർ

തയ്യാറാക്കി, എന്നിട്ടും

ബീരിച്ചേരിയിൽ പ്രവർത്തി പെട്ടെന്ന് ആരംഭിക്കുമെന്ന തോന്നലുണ്ടാക്കുന്ന വിധത്തിൽ 2017-ൽ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന്റെ നേതൃത്വത്തിൽ ഡി.പി.ആർ തയ്യാറാക്കി പദ്ധതിയുടെ പ്രൊജക്റ്റ് റിപ്പോർട്ട് റെയിൽവേക്ക് സമർപ്പിച്ചിരുന്നു. ജി.ഇ.ഒ. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മണ്ണ് പരിശോധനയും നടത്തി. 36.24 കോടി രൂപ നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 95 സെന്റ് ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നും 18 കെട്ടിടങ്ങൾ പൊളിച്ചുമാറ്റേണ്ടി വരുമെന്നും കണ്ടെത്തിയിരുന്നു. എന്നാൽ ഭൂമി ഏറ്റെടുക്കേണ്ട നടപടികൾ എങ്ങുമെത്തിയില്ല. നിലവിലെ ലെവൽ ക്രോസ് നില നിർത്തി ഗതാഗത തടസ്സം ഒഴിവാക്കിക്കൊണ്ട് പദ്ധതി പൂർത്തിയാക്കാമെന്ന നിഗമനത്തിലെത്തിയെങ്കിലും വർഷങ്ങൾ വീണ്ടും കടന്നു പോയതല്ലാതെ പ്രവർത്തിക്ക് ഒരു പുരോഗതിയും ഉണ്ടായില്ല.

പദ്ധതിക്കാവശ്യമായ സ്ഥലമേറ്റെടുക്കലടക്കമുള്ള നടപടികളിൽ പ്രാദേശിക ഭരണകൂടത്തിന് കാര്യക്ഷമമായ ഇടപെടലുകൾ നടത്താൻ കഴിയും.എന്നാൽ റെയിൽവെയുടെയോ സർക്കാരിന്റെയോ ഭാഗത്തു നിന്ന് ഒരു നിർദ്ദേശവും ഇതുവരെ ഉണ്ടായിട്ടില്ല.

സത്താർ വടക്കുമ്പാട്,

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

തൃക്കരിപ്പൂരിലെ വ്യാപാര സ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനങ്ങളെ പിറകോട്ടു വലിക്കുന്ന വിധത്തിലാണ് ബീരിച്ചേരിയടക്കമുള്ള റെയിൽവെ ക്രോസിംഗുകൾ. ഓവർബ്രിഡ്ജ് നിർമ്മിച്ച് ഇതിനൊരു പരിഹാരം കാണാതെ നഗരത്തിന്റെ വികസന മുരടിപ്പിന് പരിഹാരമാകില്ല.

സി.എച്ച്. റഹിം, പ്രസിഡന്റ്,

വ്യാപാരി വ്യവസായി ഏകോപന സമിതി