photo
മാട്ടൂൽ പഞ്ചായത്തിലെ ഉപ്പ് വെള്ളം കയറുന്ന സ്ഥലങ്ങൾ ടി.വി.രാജേഷ് എം എൽ എയുടെ നേതൃത്വത്തിൽ സന്ദർശിച്ചപ്പോൾ.

പഴയങ്ങാടി: കല്യാശ്ശേരി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഉപ്പുവെള്ളം കയറി കുടിവെള്ളം മലിനമാകുന്നതും കൃഷി നശിക്കുന്നതും തടയുന്നതിന് പദ്ധതിയൊരുക്കുന്നതിനായി ടി.വി.രാജേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരെത്തി. കഴിഞ്ഞ ദിവസം മന്ത്രി കെ.കൃഷ്ണൻകുട്ടി വിളിച്ചുചേർത്ത യോഗത്തിലെ തീരുമാനപ്രകാരമായിരുന്നു സന്ദർശനം.

കല്യാശ്ശേരി, കണ്ണപുരം, മാട്ടൂൽ, ചെറുകുന്ന്, ഏഴോം, പട്ടുവം, ചെറുതാഴം, മാടായി എന്നീ പഞ്ചായത്തുകളിൽ വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നതും കുടിവെള്ളം മലിനപ്പെടുന്നതും പതിവാണ്. കാലപ്പഴക്കം ചെന്ന ഇരിണാവ് റഗുലേറ്റർ കം ബ്രിഡ്ജ് വഴിയാണ് ഉപ്പുവെള്ളം കയറുന്നത്. കല്യാശ്ശേരി, കണ്ണപ്പുരം, മാട്ടൂൽ ഗ്രാമപഞ്ചായത്തുകളിലായുള്ള 500 ഏക്കർ സ്ഥലത്താണ് ഉപ്പുവെള്ള കെടുതിയുള്ളത്. ഇവിടെ പുതിയപാലം നിർമ്മിച്ചതിനാൽ പഴയ റഗുലേറ്റർ പ്രവർത്തനക്ഷമമാക്കുന്നതിനെ പറ്റി പഠിക്കാൻ മന്ത്രി നിർദ്ദേശം നൽകിയിരുന്നു.

മാട്ടൂൽ പഞ്ചായത്തിലെ സെൻട്രൽ അണക്കെട്ട്,വളപട്ടണം ചാൽതോട്, പത്താൻതോട്, മൂസാൻ തോട്, അടക്കപ്പിരിതോട്, മഞ്ഞത്തോട്, തെക്കുമ്പാട് കൂലോം എന്നിവിടങ്ങളും സംഘം സന്ദർശിച്ചു. പ്രൊജക്ട് തയ്യാറാക്കി ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നൽകി. മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ജെ. ബേസിൽ, അസി. എക്സി എൻജിനീയർമാരായ ഖലിസ, മാത്യു, അസിസ്റ്റന്റ് എൻജിനീയർമാരായ സ്മിത, പി.കെ. അസിജ, ടി.സുരേഷ് എന്നിവരാണ് ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നത്. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിറും ഇവർക്കൊപ്പമുണ്ടായിരുന്നു.

പദ്ധതികൾ ഒന്നും രണ്ടുമല്ല..

പഞ്ചായത്ത് - പദ്ധതി - ഘട്ടം

ചെറുകുന്ന് - മുട്ടിൽ കാപ്പിൽ റെഗുലേറ്റർ കം ബ്രിഡ്ജ് - ഇൻവെസ്റ്റിഗേഷൻ

ചെറുകുന്ന് - മുണ്ടപ്രം റഗുലേറ്റർ കം ബ്രിഡ്ജ് - ഭരണാനുമതി

ചെറുതാഴം- നട്ടിക്കടവിൽ ആർ.സി.ബി - ബഡ്‌ജറ്റിൽ 8 കോടി

ചെറുതാഴം - കോട്ടയിൽ ക്രോസ്ബാർ - നിർദ്ദേശം

തയ്യാറാകുന്ന പദ്ധതികൾ

ചെറുതാഴം -കുരൽ വയൽവട്ട , പുറച്ചേരി വയൽ കോട്ടക്കുന്ന്, രാമപുരം -ബണ്ട് നവീകരണം,, വയലപ്ര റഗുലേറ്റർ കം ബ്രിഡ്ജിന്റെ എഫ്.ആർ.പി ഷട്ടർ നവീകരണം, ചെമ്പല്ലികുണ്ടിൽ പുതിയ റഗുലേറ്റർ കം ബ്രിഡ്ജ് ,ഏഴോം നങ്കലത്ത് നിലവിലുള്ള മാർജിനൽ ബണ്ട് ഉയരം കൂട്ടൽ, എരുവള്ളിത്തോട് ഉപ്പുവെള്ള പ്രതിരോധ ക്രോസ് ബാറിന് മുകളിൽ ഏഴോം റോഡുവരെ തോടിനു പാർശ്വഭിത്തി സംരക്ഷണം, കീരങ്കി തോടിനു കുറുകെയുള്ള കൊട്ടില ക്രോസ്ബാർ നവീകരണം, മണൽത്തോടിനു കുറുകെ അരിങ്ങോട്ടു മൂലയിൽ പുതിയ വി.സി.ബി, നരിക്കോട് തോട് കുപ്പം പുഴയോട് ചേരുന്ന ഭാഗത്ത് ഇല്ലത്തിനു സമീപമുള്ള വി.സി.ബി പുനർനിർമ്മാണം, അടിപ്പാലം തോടിനു കുറുകെ കൊട്ടില കണ്ടിയിൽ ഉപ്പുവെള്ള പ്രതിരോധ ക്രോസ്ബാർ നിർമ്മാണം, പച്ചക്കാട് മുതൽ ബോട്ടു കടവ് വരെ നിലവിലുള്ള സ്ലൂയിസുകൾക്ക് കോൺക്രീറ്റ് തൂണുകൾ നിർമ്മിച്ച് പലകയിടൽ, കുപ്പം പാലം മുതൽ പെരിങ്ങീൽ വരെ ബണ്ട് നിർമ്മാണം, കൊട്ടിലങ്ങാടി ബണ്ട് നിർമ്മാണം .