കണ്ണൂർ: എൽ.പി സ്‌കൂൾ അദ്ധ്യാപക നിയമനത്തിൽ ഡി.ഡി.ഇ ഓഫീസിൽ നിന്നും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നില്ലെന്ന പരാതിയുമായി എൽ.പി.എസ്.എ റാങ്ക് ഹോൾഡേഴ്‌സ് രംഗത്ത്. 2018 ഡിസംബർ 28 ന് ആണ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. ഈ വർഷം ഡിസംബറിൽ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കും.

കൊവിഡ് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളിൽ അദ്ധ്യയനം മുടങ്ങിയതു മൂലം ഒഴിവുകൾ കൃത്യമായി നികത്തിയിട്ടില്ല. കണ്ണൂർ ജില്ലയിൽ പി.എസ്.സി വഴി നിയമനം നടക്കുന്ന 226 സ്‌കൂളുകളുണ്ട്. എന്നാൽ 20 ഒഴിവുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 15 സബ് ജില്ലകളിൽ വിവരാവകാശ നിയമപ്രകാരവും, സ്‌കൂളുകളിൽ നേരിട്ടും അന്വേഷണം നടത്തിയപ്പോൾ നിലവിൽ 78 ഒഴിവുകളുണ്ടെന്ന് വ്യക്തമായി. ഇതിന് പുറമെ ഫിക്‌സേഷൻ നടന്നാൽ 54 ഉം, റിട്ടയർമെന്റിൽ 70 ഉം ഒഴിവുകളുണ്ടാവും.

അടുത്ത അദ്ധ്യയന വർഷം ആരംഭത്തോടെ റാങ്ക് ലിസ്റ്റിൽ നിന്നും 210 ഓളം പേർക്ക് നിയമനം ലഭിക്കാനുള്ള സാദ്ധ്യതയുണ്ട്. എന്നാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം. ഒഴിവുകൾ കൃത്യമായി അറിയിക്കണമെന്ന സർക്കാർ നിർദ്ദേശം നിലനിൽക്കെയാണ് ഈ അനാസ്ഥ. മാത്രമല്ല, ഈ റാങ്ക് ലിസ്റ്റ് നിലനിൽക്കെ പുതിയ പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് ഇടാനുള്ള നടപടിയുമായി പി.എസ്.സി അധികൃതർ മുന്നോട്ടു പോവുകയാണ്. നിലവിലുള്ള റാങ്ക് ലിസ്റ്റിലുള്ള പലരും, പ്രായകൂടുതൽ മൂലം ഇനിയൊരു പരീക്ഷ എഴുതാൻ അവസരം ലഭിക്കാത്തവരുമാണ്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല.

പ്രധാന ആരോപണങ്ങൾ

-സ്കൂളുകളിൽ നിന്നും ഒഴിവുകൾ എ.ഇ.ഒയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്ന് പറയുന്നുണ്ടെങ്കിലും എല്ലാ ഒഴിവുകളും എ.ഇ.ഒയിൽ എത്തുന്നില്ല

-എ.ഇ ഒാഫീസിൽ നിന്നും ഡി.ഡി ഒാഫീസിലെത്തുമ്പോഴേക്കും ഒഴിവുകളിൽ കുറവ് സംഭവിക്കുന്നു

-ഡി.ഡി.ഇ ഒാഫീസിൽ നിന്നും പി.എസ്.സിയിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ പൂഴ്ത്തിവെയ്ക്കുന്നു

-സംരക്ഷിത അദ്ധ്യാപകർക്ക് വേണ്ടി ഒഴിവുകൾ മാറ്റിവയ്ക്കപ്പെടുന്നു.

കണ്ണൂർ ഡി.ഡി ഓഫീസിൽ നിന്നും എൽ.പി.എസ്.എ റാങ്ക് ഹോൾഡേഴ്സിന് കടുത്ത അവഗണനയാണ് നേരിടുന്നത്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘടന.

എൽ.പി.എസ്.എ റാങ്ക് ഹോൾഡേഴ്‌സ് അസോ.