തളിപ്പറമ്പ്: വ്യാജ രേഖകളും സർട്ടിഫിക്കറ്റുകളും നൽകി മുൻഗണനാ വിഭാഗത്തിൽ കയറിക്കൂടിയ റേഷൻ കാർഡുടമകൾക്കെതിരെ സിവിൽ സപ്ളൈസ് വകുപ്പിന്റെ നടപടി. തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസ് അധികൃതരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സ്ക്വാഡുകൾ നടത്തിയ പരിശോധനയിലാണ് നിരവധി വ്യാജ കാർഡുകാരെ പിടികൂടിയത്.
പൂക്കോത്ത്തെരുവിൽ എ.സി ഉൾപ്പെടെ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ഇരുനില വീടിന്റെ ഉടമ വർഷങ്ങളായി കൈപ്പറ്റിയത് മുൻഗണനാകാർഡിലെ ആനുകൂല്യങ്ങൾ. ചെമ്പന്തൊട്ടിയിൽ ഏക്കർ കണക്കിനു ഭൂമിയുള്ള വീട്ടുടമയും മുൻഗണനാ കാർഡിലെ ആനുകൂല്യങ്ങൾ വാങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്. എളമ്പേരംപാറ, മാവിച്ചേരി, പൂക്കോത്ത്തെരു, വരഡൂൽ, തേർളായി, ചെമ്പന്തൊട്ടി, കരയത്തുംചാൽ, കാഞ്ഞിലേരി, വയക്കര പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ അനർഹമായി സാധനങ്ങൾ കൈപ്പറ്റിയവരിൽ നിന്ന് റേഷൻ സാധനങ്ങളുടെ കമ്പോളവില സംഘം ഈടാക്കി.
തളിപ്പറമ്പ് താലൂക്ക് പരിധിയിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ ഐ.ടി മേഖലയിൽ വൻ ശമ്പളം വാങ്ങുന്നവരും, ഏക്കർ കണക്കിന് ഭൂമിയുള്ളവരും ആഡംബര നികുതി അടക്കുന്നവരുമുൾപ്പെടെ നിരവധി പേരാണ് പിങ്ക് (മുൻഗണന), മഞ്ഞ (എ.എ.വൈ ), നീല (പൊതുവിഭാഗം സബ്സിഡി) റേഷൻ കാർഡുകൾ കൈവശം വച്ച് റേഷൻ സാധനങ്ങൾ അനർഹമായി കൈപ്പറ്റിയതായി കണ്ടെത്തിയത്.
പൊതുവിഭാഗത്തിലേക്ക് മാറ്റി
താലൂക്ക് പരിധിയിൽ ഇതുവരെ നടന്ന പരിശോധനയിൽ 500 ഓളം എ.എ.വൈ, മുൻഗണന, പൊതുവിഭാഗം (സബ്സിഡി) റേഷൻ കാർഡുകൾ പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റി. ഇവരിൽ നിന്ന് പിഴയിനത്തിൽ 5,55,000 രൂപ ഈടാക്കി.
പിടിക്കപ്പെട്ടാൽ ഒരു ലക്ഷം രൂപ വരെ പിഴയും ഒരു വർഷം തടവുമാണ് ശിക്ഷ. സ്ക്വാഡുകൾ വീട്ടുകൾ കയറിയാണ് പരിശോധന നടത്തുന്നത്. ക്രമക്കേട് കണ്ടെത്തിയാൽ കാർഡുടമകൾ വാങ്ങിയ ഭക്ഷ്യധാന്യങ്ങൾക്ക് വില ഈടാക്കും. ഒരു കിലോ അരിക്ക് 40.20 രൂപയും ഗോതമ്പിന് 29.20 രൂപയുമാണ് ഈടാക്കുന്നത്.