കാഞ്ഞങ്ങാട്: സാധാരണക്കാരന്റെ തീൻമേശയിൽ വിലസിയിരുന്ന മത്തിക്ക് വില കുതിക്കുന്ന മത്സ്യപ്രേമികളെ ആശങ്കയിലാക്കുന്നു. ഇടത്തരം വലുപ്പമുള്ള മത്തിക്ക് പോലും കിലോഗ്രാമിന് 400 രൂപയിൽ വിലയെത്തിയതാണ് അടുക്കളകളെ ഞെട്ടിക്കുന്നത്. ഒരു കിലോ മത്തി വാങ്ങിയാൽ പതിനാലോ പതിനഞ്ചോ എണ്ണമാണ് ലഭിക്കുക. മറ്റ് മത്സ്യങ്ങൾക്ക് വലിയ വിലയുള്ളതിനാൽ നേരത്തെ സാധാരണക്കാർ കൂടുതലായി വാങ്ങിക്കൊണ്ടുപോയിരുന്നത് മത്തിയായിരുന്നു. എന്നാലിപ്പോൾ ഹോട്ടൽ ഉടമകൾ അടക്കം വലിയ പ്രതിസന്ധിയിലാണ്. മത്തിക്ക് കൂടുതൽ വിലയിട്ടാൽ ഉപഭോക്താക്കൾ പരിഭവിക്കും.
മത്സ്യലഭ്യത കുറഞ്ഞതാണ് വില റോക്കറ്റ് പോലെ കുതിച്ചുയരാൻ കാരണമായത്. എന്നാൽ കാലാവസ്ഥ അനുകൂലമായതോടെ ചെറിയ തോതിൽ മത്തി പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് പ്രതീക്ഷ നല്കിയിരുന്നു. കഴിഞ്ഞ അഞ്ചുവർഷമായി കേരള തീരങ്ങളിൽ മത്തിയുടെ ക്ഷാമമുണ്ട്. 2017ൽ ലഭ്യത ചെറിയ തോതിൽ ഉയർന്നുവെങ്കിലും പിന്നീടുള്ള വർഷങ്ങളിൽ ഗണ്യമായി കുറഞ്ഞു. 2019ൽ മത്തിയുടെ ലഭ്യത കഴിഞ്ഞ ഇരുപത് വർഷത്തിനിടെയുണ്ടായ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. വെറും 44,320 ടൺ മത്തി മാത്രമാണ് കഴിഞ്ഞ വർഷം സംസ്ഥാനത്ത് ലഭിച്ചത്. എൽനിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട കടലിലെ കാലാവസ്ഥാ മാറ്റങ്ങളാണ് മത്തിയുടെ ലഭ്യതയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമെന്ന് സി.എം.എഫ്.ആർ.ഐ നേരത്തെ കണ്ടെത്തിയിരുന്നു.
ഗുണങ്ങളേറെ
മത്തിയുടെ ഗുണങ്ങളെ കുറിച്ച് സമൂഹത്തിൽ കൂടുതൽ ബോധവത്കരണം നടന്നത് ആവശ്യക്കാരുടെ എണ്ണം വർദ്ധിപ്പിക്കുകയുണ്ടായി. ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡിനാൽ സമ്പുഷ്ടമാണ് മത്തി. അൽഷിമേഴ്സ് രോഗത്തെ ഇത് പ്രതിരോധിക്കും. ജീവകം ഡി, കാൽസ്യം, ബി 12, മാംസ്യം എന്നിവയും മത്തിയിൽ ഉണ്ട്. പ്രതിദിനം കഴിക്കുന്ന മത്തിയിൽനിന്ന് 13 ശതമാനം ജീവകം ബി 12ലഭിക്കുന്നു.