നിലേശ്വരം: റെയിൽവേ മേൽപ്പാലം മുതൽ താലൂക്ക് ആശുപത്രി വരെയുള്ള റോഡ് മെക്കാഡം ടാറിംഗ് ചെയ്യുന്നതിന്റെ ഭാഗമായി സ്ഥലം വിട്ടുകൊടുക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിനെ സംബന്ധിച്ച് സർക്കാർ വിജ്ഞാപനമിറക്കി. വിജ്ഞാപനം വന്നതിന് ശേഷം 60 ദിവസം കഴിഞ്ഞാൽ അനന്തര നടപടികളിലേക്ക് കടക്കും.

സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ സ്പെഷ്യൽ തഹസിൽദാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കെട്ടിടം, കിണർ, മതിൽ എന്നിവ നഷ്ടപ്പെടുന്നവരുടെ നഷ്ടപരിഹാരം പൊതുമരാമത്ത് അധികൃതരും അളന്ന് നഷ്ടപരിഹാരം കണക്കാക്കും. വീടും കടകളും പൂർണ്ണമായും നഷ്ടപ്പെടുന്നവരുണ്ടെങ്കിൽ അവരുടെ ലിസ്റ്റാണ് അദ്യം തയ്യാറാക്കുക. ഗസറ്റ് വിജ്ഞാപനമിറക്കിയതിന് ശേഷം പ്രാരംഭ നടപടികൾ ഇതിനകം ആരംഭിച്ച് കഴിഞ്ഞു. സർവ്വെ നടപടികളാണ് ഇതിനകം ആരംഭിച്ചിട്ടുള്ളത്. സർക്കാർ നോട്ടിഫിക്കേഷൻ പൂർത്തിയാവുന്ന മുറക്ക് അനന്തര നടപടികൾ എത്രയും പെട്ടെന്ന് തീർക്കാനുള്ള ശ്രമത്തിലാണ് റവന്യു അധികൃതരും പൊതുമരാമത്ത് വകുപ്പും.

10 കോടി രൂപയാണ് റെയിൽവേ മേല്പാലം മുതൽ താലൂക്ക് ആശുപത്രി വരെയുള്ള റോഡിന് നീക്കിവെച്ചിട്ടുള്ളത്. കിഫ് ബി മുഖാന്തരമാണ് റോഡ് മെക്കാഡം ടാറിംഗ് ചെയ്യുന്നത്. മേല്പാലം മുതൽ താലൂക്ക് ആശുപത്രി വരെ യുള്ള റോഡിന് സ്ഥലം വിട്ടു കൊടുക്കുന്നവരുടെ യോഗം ആറ് മാസം മുമ്പ് വിളിച്ച് ചേർത്തിരുന്നു. നാട്ടുകാരുടെ പൂർണ്ണ സഹകരത്തോടെയാണ് റവന്യു വകുപ്പ് സ്ഥലം അളന്ന് തിട്ടപ്പെടുത്തിയതും ഇതിന് പിന്നാലെ പൊതുമരാമത്ത് അധികൃതർ കല്ല് സ്ഥാപിച്ചതും. നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ സ്ഥലമേറ്റെടുക്കലും മറ്റ് നടപടികളിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.