chandragiri-fourt
തകർച്ചയുടെ വക്കിലായ ചന്ദ്രഗിരി കോട്ട

കാസർകോട്: ഇക്കേരിനായ്ക്കന്മാർ പണികഴിപ്പിച്ച കോട്ടകളിൽ പെട്ട ചന്ദ്രഗിരിക്കോട്ട തകർച്ചയുടെ വക്കിൽ. സംസ്ഥാന പുരാവസ്തു വകുപ്പ് നവീകരണത്തിനായി ലക്ഷങ്ങൾ ചെലവഴിക്കുന്നുണ്ടെങ്കിലും അതൊന്നും കാഴ്ചയിൽ പ്രതിഫലിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

കോട്ട സന്ദർശിക്കാൻ എത്തുന്നവർ ദുരവസ്ഥ കണ്ട് നിരാശരായി മടങ്ങുകയാണ്. ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ നിർമ്മിതി ഓർമകളിൽ മാത്രമാകും. മഴയിൽ തകർന്ന കോട്ടയുടെ കവാടം ഇതുവരെ നവീകരിച്ചിട്ടില്ല. കൊവിഡിനെ തുടർന്നു അടച്ചുപൂട്ടിയ സമയത്താണ് പ്രധാന കവാടത്തിന്റെ ഭാഗം തകർന്നത്. കല്ലുകൾ നിലം പൊത്തിയ നിലയിലാണ്. ഗേറ്റും തകർന്നു. കോട്ടയുടെ പല ഭാഗവും കാടു മൂടിയ നിലയിലാണ്. ഈ മാസം മുതലാണ് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നുകൊടുത്തത്.

പ്രധാന കവാടത്തിന് പുറമെ മറ്റു ഭാഗങ്ങളും നിലംപൊത്താൻ സാധ്യതയേറെയാണ്. 2006ൽ നവീകരിച്ച ഭാഗമാണ് ഇപ്പോൾ തകർന്നിട്ടുള്ളത്. കോട്ടയുടെ തകർന്ന കവാടത്തിലൂടെ അകത്തേക്ക് കയറിയാൽ നടപ്പാതയിൽ വരെ കാടാണ്. ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് മുൻപു നിറയെ ചെടികൾ വച്ചുപിടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതെല്ലാം നശിച്ചു. ആഴ്ചയിൽ മൂന്ന് ദിവസം കോട്ടയുടെ അകവും പുറവും ശുചീകരിക്കുന്നതിനായി കുടുംബശ്രീയെ ഏൽപിച്ചതാണ്. കോട്ടയുടെ അകത്ത് നിറയെ പ്ലാസ്റ്റിക് കുപ്പികളാണുള്ളത്. കാടു നിറഞ്ഞിരിക്കുന്നതിനാൽ കുടുംബസമേതം കോട്ട കാണാനെത്തുന്നവർക്കും ഭയമാണ്. കാടുകൾ വൃത്തിയാക്കണമെന്നാണ് സഞ്ചാരികളുടെ ആവശ്യം. വൈദ്യുതി കണക്ഷൻ ഉണ്ടെങ്കിലും ബൾബുകൾ ഒന്നുമില്ല. രാവിലെ ഒമ്പത് മണി മുതൽ അഞ്ചു വരെയാണ് കോട്ടയിലേക്കുള്ള പ്രവേശന സമയം.

അളവറിയാതെ പുരാവസ്തുവകുപ്പ്

കോട്ടയുടെ സ്ഥലം ഇതുവരെ അളന്നു തിട്ടപ്പെടുത്തിയില്ല. കോട്ടയ്ക്ക് 7.76 ഏക്കർ സ്ഥലമുണ്ടെന്ന് പറയുന്നുവെങ്കിലും ഇതുവരെയായി അളന്നു തിട്ടപ്പെടുത്തി അതിർത്തി തിരിച്ചിട്ടില്ല. കൈയേറ്റമുണ്ടായോയെന്ന് പറയാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്. നിലവിൽ കാണുന്നതിലേറെ സ്ഥലമായിരുന്നു നേരത്തെ ഉണ്ടായിരുന്നതെന്ന് പരിസരവാസികൾ പറയുന്നു. കൈയേറ്റങ്ങളും മണ്ണെടുക്കലും ഇവിടെ പതിവായിരുന്നു. കോട്ടയുടെ അധിനീതയിലുള്ള സ്ഥലം അളന്നു തിട്ടപ്പെടുത്തി അതിർത്തി നിർണയിക്കണമെന്നാണ് കോട്ട സംരക്ഷകർ ആവശ്യപ്പെടുന്നത്.