കണ്ണൂർ: ശ്രീനാരായണ കീർത്തനങ്ങളുടെ അകംപൊരുൾ ഇതിവൃത്തമാക്കി പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണ അവതരിപ്പിച്ച 'ആഴിയും തിരയും' സംഗീത കച്ചേരി ആസ്വാദകരുടെ മനസ്സിൽ കുളിർമഴയായി . 'ആഴിയും തിരയും കാറ്റുമാഴവും പോലെ ' എന്നു തുടങ്ങുന്ന ഗുരുദേവന്റെ ദൈവദശകത്തിലെ വിവിധ ഗീതങ്ങൾ ഒഴുകിയെത്തിയപ്പോൾ കണ്ണൂർ ടൗൺസ്‌ക്വയറിലെത്തിയ സംഗീതപ്രേമികൾ മാസ്മരികലോകത്തേക്കുയർന്നു.
കൊവിഡ് പ്രതിസന്ധി ആരംഭിച്ചതിനു ശേഷം കണ്ണൂരിൽ നടന്ന ആദ്യ സംഗീതവിരുന്നായിരുന്നു ടൗൺ സ്‌ക്വയറിൽ നടന്നത്. കൊവിഡ് പെരുമാറ്റച്ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി പാസ് വഴി പ്രവേശനം നിയന്ത്രിച്ച ചടങ്ങിൽ 200 പേർ പങ്കെടുത്തു. കൊവിഡ് പശ്ചാത്തലത്തിൽ നിലച്ചുപോയ സാംസ്‌കാരിക പരിപാടികൾ പുനരാരംഭിക്കുന്നതിന്റെ തുടക്കമായാണ് സംഗീത കച്ചേരിയെന്ന് ചടങ്ങിൽ സംസാരിച്ച ജില്ലാ കളക്ടർ ടി.വി സുഭാഷ് പറഞ്ഞു.
ഗുരുദേവകൃതികൾ ഒരുമയിലേക്കുള്ള
വഴി: ടി.എം.കൃഷ്ണ
എല്ലാ വൈജാത്യങ്ങൾക്കിടയിലും ഒരുമയെ ആഘോഷിക്കാൻ നമുക്ക് പ്രചോദനം നൽകുന്നതാണ് ശ്രീനാരായണ ഗുരുവിന്റെ കൃതികളും സംഗീതവുമെന്നും വർത്തമാനകാലത്തിൽ അവയ്ക്ക് ഏറെ പ്രസക്തിയുണ്ടെന്നും ടി.എം. കൃഷ്ണ പറഞ്ഞു.രാജ്യത്തെ കലാകാരന്മാരെ സംബന്ധിച്ചിടത്തോളം ദുരിതകാലമായിരുന്നു കൊവിഡ് കാലഘട്ടം. രാജ്യത്തെ 98 ശതമാനം കലാകാരന്മാരും വലിയ ദാരിദ്ര്യത്തിൽ കഴിയുന്നവരാണ്. സംസ്കാരത്തിലും കലയിലും സംഗീതത്തിലുമൊക്കെ അഭിമാനം കൊള്ളുന്ന നമ്മുടെ രാജ്യത്ത് ഇത്തരം ദുർഘട ഘട്ടങ്ങളിൽ കലാകാരന്മാരെ സംരക്ഷിക്കുന്നതിന് ഒരു പദ്ധതിയില്ലെന്നുള്ളത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.