കാസർകോട്: മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ.കെ ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിൽ 'സാന്ത്വന സ്പർശം' പൊതുജന പരാതി പരിഹാര അദാലത്തുകൾ ഫെബ്രുവരി എട്ട്, ഒമ്പത് തിയ്യതികളിൽ നടത്തും. ഫെബ്രുവരി എട്ടിന് കാഞ്ഞങ്ങാടും ഒമ്പതിന് കാസർകോടുമാണ് അദാലത്തെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരാതി നല്കാൻ ഓൺലൈനായി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവരാരും നേരിട്ട് വരേണ്ടതില്ല. തീരുമാനം എടുത്താൽ വീട്ടിൽ എത്തി അറിയിക്കും. കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവരെ അദാലത്ത് സ്ഥലത്ത് കൊണ്ടുവരരുത്. അവരുടെ പ്രതിനിധികൾ അരെങ്കിലും എത്തിയാൽ മതിയെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരി രണ്ട് വൈകീട്ട് അഞ്ചു വരെ പരാതികൾ സമർപ്പിക്കാം. വല്ലേജ് ഓഫീസിലും പഞ്ചായത്ത് ഓഫീസിലും അപേക്ഷ സമർപ്പിക്കാം. ഇതിന് പുറമേ ഓൺലൈനായും അക്ഷയ കേന്ദ്രങ്ങൾ വഴിയും പരാതികൾ/അപേക്ഷകൾ സമർപ്പിക്കാം. എ.ഡി.എമ്മിന്റെ വാട്ട്സാപ്പ് നമ്പറായ 9447726900 ലേക്ക് പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാം. പത്രസമ്മേളനത്തിൽ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവും സംബന്ധിച്ചു.